ആലുവ: തൃശൂർ കുരിയച്ചിറ വെയർഹൗസിലെ നാല് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ ചൂണ്ടി വെയർഹൗസിലെ ജീവനക്കാരും അനുബന്ധ തൊഴിലാളികളും ആശങ്കയിലായി. തൃശൂരിൽ രോഗം സ്ഥിരീകരിച്ചവർക്കൊപ്പം ജോലിചെയ്യുന്ന ഒരാളുടെ പിതാവും മറ്റൊരാളുടെ മകനും ആലുവ വെയർഹൗസിൽ ചുമട്ടുതൊഴിലാളിയാണ്. ഇവരോട് രണ്ടുപേരോടും ജോലിയിൽ നിന്നും വിട്ടുനിൽക്കാൻ സഹപ്രവർത്തകർ നിർദേശം നൽകി. വെള്ളിയാഴ്ച ഇവർ വെയർഹൗസിലെത്തിയെങ്കിലും ജോലിയിൽ പ്രവേശിക്കാതെ മടങ്ങി. കൊവിഡ് രോഗികളിൽ പലർക്കും രോഗ ലക്ഷണങ്ങളില്ലെന്നതാണ് കൂടുതൽ ആശങ്കയ്ക്ക് വഴിവെയ്ക്കുന്നത്.