കൊച്ചി : ദേശീയപാതയിൽ ഇടപ്പള്ളി മുതൽ തൈക്കൂടം വരെ 20 സ്ഥലങ്ങളിൽ വെള്ളക്കെട്ട്. തോടുകൾ മൂടി നീരൊഴുക്കിന് കുഴലുകൾ സ്ഥാപിച്ചതിനാലാണ് വെള്ളക്കെട്ടുണ്ടാകുന്നതെന്ന് പി.ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ യോഗം വിലയിരുത്തി. ഇടപ്പള്ളി - തൈക്കൂടം ദേശീയപാത സംരക്ഷണത്തിന് സമിതിയുണ്ടാക്കാനും തീരുമാനിച്ചു. ഇൗ മേഖലയിലെ വെള്ളക്കെട്ട് പരിഹരിക്കാനും സർവീസ് റോഡുകളിലെ തടസങ്ങൾ നീക്കുന്നതിനും മുന്നോടിയായി എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം കാൽനടയായി സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, പ്രദേശവാസികൾ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ദേശീയപാതയ്ക്കു കുറുകേ കലുങ്കുകൾ പണിയണമെന്ന് യോഗം വിലയിരുത്തി.

അനധികൃത പാർക്കിംഗ് തടയുക, സർവീസ് റോഡുകളിലെ കൈയേറ്റം ഒഴിപ്പിക്കുക, ഇൗ റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ദേശീയപാത സംരക്ഷണസമിതിക്ക് രൂപം നൽകാൻ തീരുമാനിച്ചത്. നഗരസഭാ കൗൺസിലർമാരായ വിജയകുമാർ, ജോസഫ് അലക്സ്, എം.പി. മുരളീധരൻ, വത്സലകുമാരി, പി.എം. നസീമ, വി.കെ. മിനിമോൾ, എ.ബി. സാബു എന്നിവരും ദേശീയപാത ഉദ്യോഗസ്ഥരും പങ്കെടുത്തു.