പറവൂർ : പറവൂർ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് 16ന് രാവിലെ 11ന് കൗൺസിൽ ഹാളിൽ നടക്കും. ജില്ലാ സപ്ലൈ ഓഫീസറാണ് വരണാധികാരി. കോൺഗ്രസ് - 15, എൽ.ഡി.എഫ് - 13, ബി.ജെ.പി - 1 എന്നിങ്ങനെയാണ് കക്ഷിനില.

കോൺഗ്രസിലെ മുൻധാരണ പ്രകാരം ചെയർമാൻ ഡി. രാജ്കുമാർ കഴിഞ്ഞ മാസം 27നാണ് രാജിവെച്ചത്. ആരോഗ്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിലിന് അടുത്ത ചെയർമാൻ സ്ഥാനം നൽക്കാൻ ധാരണയുണ്ടായിരുന്നു. വി.ഡി. സതീശൻ എം.എൽ.എയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജുവും പങ്കെടുത്ത പാർലമെന്ററി പാർട്ടി യോഗം ചെയർമാൻ സ്ഥാനത്തേക്ക് പ്രദീപ് തോപ്പിലിന്റെ പേര്‌ നിർദേശിച്ചു. കോൺഗ്രസ് കൗൺസിലർമാർക്ക് വിപ്പും നൽകിയിട്ടുണ്ട്.

എൽ.ഡി.എഫിൽ നിന്ന് പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ മത്സരിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുമെങ്കിലും ബി.ജെ.പിയുടെ ഏക കൗൺസിലർ സ്വപ്ന സുരേഷ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് സാദ്ധ്യത.