കോലഞ്ചേരി: തിരുവാണിയൂർ കൊച്ചങ്ങാടി മാമല സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് താഴെ അഭയം തേടിയ അന്യ സംസ്ഥാനക്കാരനായ യുവാവിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ചെറുപ്പക്കാരുടെ കൂട്ടായ്മ.വെള്ളിയാഴ്ച വൈകിട്ട് തിരുവാണിയൂരിലും പരിസര പ്രദേശങ്ങളിലും അലഞ്ഞ് നടന്ന യുവാവ് രാത്രിയോടെ മാമല സർവീസ് സഹകരണ ബാങ്കിന് താഴെ അഭയം പ്രാപിക്കുകയായിരുന്നു.ഇത് ശ്രദ്ധയിൽ പെട്ട പൊതു പ്രവർത്തകരടക്കമുള്ള സ്ഥലത്തെ ചെറുപ്പക്കാർ യുവാവിനോട് പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പൊലീസിനെയും ആരോഗ്യഉദ്യോഗസ്ഥരെ വിവരമറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഇയാളെ മുൻകരുതലില്ലാതെ പൊലീസ് വാഹനത്തിൽ കയറ്റാൻ സാധിക്കാത്തതിനാൽ ആംബുലൻസ് സഹായത്തോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാർ പല തവണ ചോദിച്ചിട്ടും എവിടെ നിന്നാണ് ഇയാൾ വന്നതെന്ന് പറഞ്ഞില്ല. സമീപത്തെ പെട്രോൾ പമ്പിലെ ബംഗാൾ സ്വദേശികളായ യുവാക്കളാണ് തുടർ വിവരങ്ങൾ ചോദിച്ചറിഞ്ഞത്. രാജേഷ് കണ്ടേത്തുപാറ, ബിജു ഉണ്ണി, ബേബി വർഗീസ്, പ്രിൻസ് സി.മാത്യു, വി.പി ജോർജ്, വി.പി സുരേഷ്,ജേക്കബ്, ദീപു ദാമോധരൻ, പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.