ആലുവ: അങ്കണവാടിയിൽ കുട്ടികൾക്ക് ഓൺലൈൻ, ടെലിവിഷൻ പഠനസൗകര്യം ഒരുക്കി നഗരസഭാ കൗൺസിലർ. ആലുവ നഗരസഭ ആറാം വാർഡ് കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായ ജെറോം മൈക്കിളാണ് സൗകര്യം ഒരുക്കിയത്. സാമൂഹ്യഅകലം പാലിച്ച് പ്രത്യേകം സ്റ്റഡിടേബിളും കസേരകളും സജ്ജീകരിച്ചിട്ടുണ്ട്.
വിക്ടേഴ്‌സ് ചാനലിൽ ഓരോ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്ന സമയം അനുസരിച്ചാണ് വിദ്യാർത്ഥികൾ എത്തേണ്ടത്. പ്രത്യേകം ടീച്ചറും ഉണ്ടാകും.
അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഇത്തരത്തിൽ ഓൺലൈൻ പഠനസൗകര്യം വിവിധ കേന്ദ്രങ്ങളിൽ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം, റോയി പി. ആൻഡ്രൂസ്, ജോസ് വർഗീസ്, ഷൈല ജോണി എന്നിവർ പ്രസംഗിച്ചു. വാർഡിലെ കുട്ടികളെക്കൂടാതെ പഠനസൗകര്യം ഇല്ലാത്ത മറ്റ് വാർഡുകളിലെ വിദ്യാർത്ഥികൾക്കും സൗകര്യം പ്രയോജനപ്പെടുത്താമെന്നും ജെറോം മൈക്കിൾ പറഞ്ഞു