കോലഞ്ചേരി: കണ്ണും നട്ട് കാത്തിരുന്ന് ആപ്പെത്തിയപ്പോൾ ജനപ്രിയ ബ്രാൻഡുകളുടെ ക്ഷാമം മദ്യപന്മാരെ വീണ്ടും 'ആപ്പിലാക്കി ! ആപ്പിൽ കുത്തിയിരുന്നു ടോക്കൺ എടുത്താലും ബാറുകളിലും ചില്ലറ വില്പനശാലകളിലും ജനപ്രിയ ബ്രാൻഡുകളില്ല. ഇ.എൻ.എ (സ്പിരിറ്റ് ) വില വർദ്ധിച്ചതോടെ ഡിസ്റ്റിലറികൾ നിർമ്മാണം കുറച്ചതാണ് മദ്യ വിപണിയിൽ ക്ഷാമത്തിന് കാരണം.അന്യസംസ്ഥാനത്ത് നിന്നുള്ള ലോഡുകളും കുറഞ്ഞു.
പല ഡിസ്റ്റിലറികളിലും സ്റ്റോക്കുണ്ടായിരുന്ന ഇ.എൻ.എ അതാത് സംസ്ഥാന സർക്കാരുകൾ ഏറ്റെടുത്ത് സെനിറ്റൈസറാക്കി.19 ന് ബീവറേജസ് കോർപ്പറേഷൻ മദ്യ വിതരണത്തിന് പുതിയ ടെൻണ്ടർ ക്ഷണിച്ചിട്ടുണ്ട് .അതു കൊണ്ടു തന്നെ നിലവിൽ നഷ്ടത്തിലോടുന്ന ബ്രാൻഡുകൾക്ക് പേരിൽ നേരിയ മാറ്റങ്ങൾ വരുത്തി വില കൂട്ടാമെന്നുള്ളതിനാൽ തല്ക്കാലം വിതരണം വേണ്ടെന്ന നിലപാടിലാണ് കമ്പനികൾക്ക്. 500-750 നും ഇടയിലുള്ള ബ്രാൻഡുകൾ വരു ദിവസങ്ങളിൽ കിട്ടാതാകും. ഇപ്പോൾ തന്നെ വെയർ ഹൗസുകളിൽ നിന്നും റേഷൻ അടിസ്ഥാനത്തിലാണ് ഇത്തരം ബ്രാൻഡുകൾ നല്കുന്നത്.
ബാറുകൾക്ക് ഒരു ഇൻഡന്റിന് പത്ത് കെയ്സു വീതമാണ് നല്കുന്നത്. ബാറിലും, ബീവറേജിലും എത്തിയ പലർക്കും കിട്ടിയ ബ്രാൻഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മദ്യവിൽപനയിലും കാര്യമായി കുറവു വന്നു. വില്പന തുടങ്ങിയ ആദ്യ ദിനങ്ങളിൽ 5 - 10 ലക്ഷം വരെ വിറ്റ ബാറുകളിലെ വില്പന 1- 3 ലക്ഷമായി കുറഞ്ഞു. പ്രതി ദിനം 400 പേർക്കാണ് ഒരു വില്പന കേന്ദത്തിൽ നിന്നും മദ്യം ലഭിക്കുന്നത്. എന്നാൽ 75-125 പേരാണ് ഇപ്പോൾ ബുക്ക് ചെയ്ത് ടോക്കൺ എടുക്കുന്നത്. ഇതിൽ പകുതി പേരും വാങ്ങാനെത്തുന്നുമില്ല. ബീവറേജസ് കോർപറേഷന്റെ വെയർ ഹൗസുകളിൽ സ്റ്റോക്ക് പകുതിയായി കുറഞ്ഞിട്ടുണ്ട്.