thodu
നെടുമ്പാശേരി പഞ്ചായത്തിലെ ഏഴ് വാർഡുകളിലൂടെ ഒഴുകുന്ന വഴിതോടിന്റെ പുല്ലു കയറി ഒഴുക്ക് തടസ്സപ്പെട്ട ഭാഗം ഒഴുകുന്ന മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നു.

നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ 60 തോടുകളും, ഉപതോടുകളും ഒരു മാസം കൊണ്ട് ശുചീകരിച്ചു. യന്ത്രസഹായത്തോടെയാണ് തോടുകൾ നീരൊഴുക്ക് കൂട്ടി വൃത്തിയാക്കിയത്. പഞ്ചായത്തിലെ ഏഴ് വാർഡുകളിലൂടെ ഒഴുകുന്ന എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള വഴിത്തോടിന്റെ നീരൊഴുക്ക് കൂട്ടുന്നതിന് ഒഴുകുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുല്ലും, പായലും മാറ്റുന്ന ജോലി പുരോഗമിച്ചു കൊണ്ടിരിയ്ക്കുകയാണ്. കാരയ്ക്കാട്ടുകുന്ന് ചിറ, കുറുന്തിലക്കോട്ട് ചിറ, കൈതക്കാട്ടുചിറ, മാങ്ങാപിള്ളി ചിറ എന്നിവയുടെ ശുചീകരണം പൂർത്തിയായി. വേതുചിറയിലെ ചെളിനീക്കം ചെയ്യുന്ന ജോലികൾ അടുത്ത ദിവസം ആരംഭിയ്ക്കും. കഴിഞ്ഞ രണ്ടു പ്രളയത്തിലും പഞ്ചായത്തിലെ വടക്കുപടിഞ്ഞാറ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായ മാഞ്ഞാലി തോട്ടിലെ പുല്ലും, പായലും നീക്കുന്നതിന് ജലസേചന വകുപ്പ് നേരിട്ട് ശുചീകരണം നടത്തിയിരുന്നു. വീണ്ടും ഒഴുക്ക് തടസപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ രണ്ട് ഒഴുകുന്ന മണ്ണുമാന്തിയന്ത്രങ്ങൾ പ്രദേശത്ത് സ്ഥിരമുണ്ടാകണമെന്ന് നെടുമ്പാശേരി പഞ്ചായത്ത് ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.