ആലുവ: ചാർട്ടേഡ് വിമാനത്തിൽ മാത്രം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വേണമെന്ന ഉത്തരവ് അപ്രായോഗികമായതിനാൽ തിരുത്തണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ എം.പി ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് ഭാരവാഹികളുടെ മേഖലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ പാളിച്ചകൊണ്ടാണ് മരണമടഞ്ഞവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത്. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ സഹായം നൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി. സി. സി പ്രസിഡന്റ് ടി.ജെ.വിനോദ് എം എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, ജനറൽ സെക്രട്ടറിമാരായ റോയി കെ. പൗലോസ്, ബി.എ. അബ്ദുൾമുത്തലിബ്, ടി.എം. സക്കീർഹുസൈൻ, മാത്യു കുഴൽനാടൻ, കെ. ബാബു, അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, പി.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.