തൃക്കാക്കര: ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായി നൽകിയിരുന്ന കരാർ റദ്ദാക്കിയതോടെ മാഫിയകളുടെ താത്പര്യങ്ങൾക്ക് സർക്കാർ വഴങ്ങിയതായി തൃക്കാക്കര മുനിസിപ്പൽ റസിഡന്റ്‌സ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ (ട്രാക്) കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷമായി മാലിന്യ പ്രശ്‌നം ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐ. ടി സ്ഥാപനങ്ങളുമുള്ള തൃക്കാക്കര മുനിസിപ്പൽ പ്രദേശമാണ് മാലിന്യ കൂമ്പാരത്തിന്റെ ദൂഷ്യം ഏറെ അനുഭവിക്കുന്നതെന്ന് ട്രാക് പ്രസിഡന്റ് കെ.എം.അബ്ബാസ്, സെക്രട്ടറി സലിം കുന്നുംപുറം എന്നിവർ പറഞ്ഞു.
#വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി ഉപേക്ഷിക്കരുത്
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി ഉപേക്ഷിക്കരുതെന്നും ട്രാക് ആവശ്യപ്പെട്ടു. വിവിധ അനുമതികൾക്കായി നാല് വർഷമാണ് കാത്തിരിക്കേണ്ടി വന്നതെന്ന് കരാർ എടുത്ത കമ്പനി വ്യക്തമാക്കുന്നു. ഇനി പുതിയ ഏജൻസിയെ ഏൽപ്പിച്ചാലും അനുമതികൾക്കും മറ്റുമായി വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.
#അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും
ബ്രഹ്മപുരത്തെ മറ്റൊരു വുഹാനാക്കി മാറ്റരുതെന്ന് ട്രാക് മുന്നറിയിപ്പ് നൽകി. മഴക്കാലം എത്തിയതോടെ മാലിന്യ കൂമ്പാരം നിരവധി രോഗങ്ങൾക്ക് കാരണമാകും. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് ട്രാക് മുന്നറിയിപ്പ് നൽകി.
#ശാശ്വത പരിഹാരം വേണമെന്ന് രാജഗിരി
ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന്റെ ദൂഷ്യവശങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മാലിന്യ സംസ്‌കരണ പദ്ധതി അട്ടിമറിക്കപ്പെടുന്നത് എണ്ണായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന രാജഗിരി സ്ഥാപനങ്ങളെ ആശങ്കപ്പെടുത്തു.ദുർഗന്ധവും ഈച്ച ശല്യവും കാരണം കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല.വിദ്യാർത്ഥികളുടെ ആരോഗ്യത്തെ പോലും ഇത് ബാധിക്കും. ഇതിൽ നിന്നൊക്കെയുള്ള മോചനമായാണ് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി. എന്നാൽ കരാർ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം ഞെട്ടിച്ചു.
ഫാ.മാത്യു വട്ടത്തറ
ഡയറക്ടർ
രാജഗിരി എഡ്യുക്കേഷൻ ഇൻസ്റ്റിട്യുഷൻസ്