ആലുവ: തടിക്കകടവ് പാലം നിർമ്മാണത്തിനിടെ തകർന്നു വീണ രണ്ട് കോൺക്രീറ്റ് ബീമുകൾ നീക്കം ചെയ്യുന്ന ജോലികൾ ഇന്നും തുടരും. ബീമുകൾ വെള്ളത്തിനടിയിൽ വച്ച് ആറായി മുറിക്കുകയും ഇതിൽ രണ്ടെണ്ണം ഇന്നലെ കരയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. ശേഷിക്കുന്ന നാല് ഭാഗങ്ങൾ ഇന്ന് പുറത്തെടുക്കും. കൂറ്റൽ ക്രെയിൻ ഉപയോഗിച്ചാണ് ഇവ ഉയർത്തിയത്. നീണ്ട പത്ത് മാസത്തെ പരിശ്രമാണ് ഇന്നലെ ഫലം കണ്ടത്. ബീമുകൾ പൊട്ടിച്ച് ഇതിൽ നിന്നും കമ്പി പുറത്തെടുക്കാനാണ് പദ്ധതി. 30 മീറ്ററോളം നീളവും മൂന്ന് മീറ്റർ ഉയരമുള്ള ബീമുകൾ 2014 നവംബർ 13 നാണ് പെരിയാറിൽ പതിച്ചത്. പാലം നിർമ്മാണം പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം
ബീം കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടി സ്ഥാപിച്ചിരുന്ന എൻട്രസ്റ്റ് ഒടിഞ്ഞു വീഴുകയായിരുന്നു. ഇത് തൊട്ടടുത്ത ബീമിൽ ചെന്ന് ഇടിച്ചാണ് രണ്ടാമത്തെ ബീമും തകർന്നത്. പാലം നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടും പെരിയാറിൽ നിന്നും ബീമുകൾ നീക്കം ചെയ്തിരുന്നില്ല. കൂറ്റൻ കോൺക്രീറ്റ് ഭാഗം പുഴയുടെ സുഗമമായ ഒഴുക്കിനെ ബാധിച്ചിരുന്നു. ഇതിനിടെ ബീമുകൾ ഉയർത്താൻ രണ്ട് തവണ ശ്രമിച്ചെങ്കിലും പ്രളയവും മറ്റും മൂലം വൈകി.
ആദ്യം കംപ്രസർ ഉപയോഗിച്ച് ബീമുകൾക്ക് ചുറ്റുഭാഗത്തും അടിഞ്ഞുകൂടിയിരുന്ന മണലും ചെളിയും നീക്കി. ഇതിനായി മാസങ്ങൾ വേണ്ടിവന്നു. പിന്നീട് വയർസൊ എന്ന ഉപകരണം ഉപയോഗിച്ച് വെള്ളത്തിനടയിൽ വച്ച് ബീം മുറിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ പാലം പൂർണമായും അടച്ചിട്ട ശേഷം ക്രെയിൻ പാലത്തിന് മുകളിൽ നിർത്തിയ ശേഷമാണ് ബീമുകൾ പുറത്തെത്തിച്ചത്. നടപടി പൂർത്തിയാകാത്തതിനാൽ ഇന്നും പാലം അടച്ചിടും.