കോതമംഗലം: വൃദ്ധമാതാവിനെ വീടിന്റെ നിലവറയിൽ മകൻ തള്ളിയതായി പരാതി. കോട്ടപ്പടി സ്വദേശി തുരുത്തിയിൽ സാറാ മാത്യുവിന്റെ (70) പരാതിയിൽ റവന്യൂ, പൊലീസ് അധികൃതർ അന്വേഷണം ആരംഭിച്ചു. സാറാ മാത്യുവിന് ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്. പെൺമക്കൾ രണ്ടാളും വിദേശത്താണ് ജോലി ചെയ്യുന്നത്. ഏക മകനൊപ്പം ആഡംബര തുല്യമായ വീട്ടിൽ കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ നിലവറക്കു സമാനമായ മുറിയിൽ തനിച്ചാണ് കഴിയുന്നത്.
വീട്ടിനുള്ളിൽ സഞ്ചാരസ്വാതന്ത്ര്യമില്ലാതെ അടുക്കളയിലടക്കം പ്രധാനമുറികളിൽ പ്രവേശനം നിഷേധിച്ച മകൻ വീടിന്റെ മുകൾനിലയിലേക്കുള്ള ചവിട്ടുപടികൾ അടച്ചുപൂട്ടിയെന്നും മുറിക്കുള്ളിൽ താത്കാലികമായി ഭക്ഷണം പാകംചെയ്യാൻ സൗകര്യമുണ്ടെങ്കിലും വെള്ളമെടുക്കുന്നതും പാത്രം കഴുകുന്നതും ടോയ് ലെറ്റിൽനിന്നാണെന്നും സാറാമാത്യു പറയുന്നു.
കുടുംബപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി മകനും കുടുംബവും എറണാകുളത്താണ് താമസം. കോതമംഗലം തഹസിൽദാർ റേച്ചൽ വർഗീസ് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സാറാമാത്യുവിന്റെ വീട്ടിലെത്തി മകനുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ നിയമപരമായി നീങ്ങട്ടെയെന്നായിരുന്നു മകന്റെ മറുപടിയെന്ന് തഹസിൽദാർ പറഞ്ഞു.
അതേസമയം കുടുംബപ്രശ്‌നങ്ങൾ കോടതിയുടെ പരിഗണനയിലാണെന്നും വിട്ടുവീഴ്ചയുണ്ടായാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നും അടുത്ത ബന്ധുക്കൾ പറഞ്ഞു.
എന്നാൽ മൊഴിയെടുത്തപ്പോൾ മകനെതിരെ കേസെടുക്കരുതെന്ന് സാറാ മാത്യു ആവശ്യപ്പെട്ടതായി കോട്ടപ്പടി പൊലീസ് പറഞ്ഞു.