സോഷ്യൽ മീഡിയകളുടെ ഈ കാലത്ത് ഒരു ഫോട്ടോ എടുത്ത് എഡിറ്റിംഗും ഫില്‍റ്ററുകളും ചേര്‍ത്ത് സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ലൈക്കുകൾ വാരിക്കൂട്ടുന്നത് പലര്‍ക്കും ആവേശമാണ്.വിവിധ ഫോട്ടോ എഡിറ്റിംഗ് ആപ്പുകളാണ് ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഓഎസ്സിലുമുള്ളത്. എന്നാല്‍ ഇതുവരെ ലഭ്യമായ എല്ലാ ഫോട്ടോ എഡിറ്റിംഗ് അപ്പുകളെക്കാള്‍ കേമൻ എന്ന വിശേഷണവുമായി എത്തുകയാണ് അഡോബി ഫോട്ടോഷോപ്പ് ക്യാമറ. ഇത്രയും കാലം ബീറ്റ വേര്‍ഷനില്‍ മാത്രം പ്രവര്‍ത്തിച്ചരുന്ന അഡോബി ഫോട്ടോഷോപ്പ് ക്യാമറ ഇപ്പോള്‍ ആപ്പ് സ്റ്റോറില്‍ നിന്നും, ഗൂഗിള്‍ പ്ലെയില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
80-ല്‍ അധികം കസ്റ്റം ഫില്‍റ്ററുകളുമായി എത്തുന്ന അഡോബി ഫോട്ടോഷോപ്പ് ക്യാമറ ഒരാളുടെ എല്ലാ ഫോട്ടോ എഡിറ്റിംഗ് ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിവുള്ളതാണ് എന്നാണ് അവകാശവാദം. അഡോബി ഫോട്ടോഷോപ്പ് ക്യാമറ ആപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.ഒരു വ്യക്തി എടുക്കുന്ന ഫോട്ടോ തനിയെ കൂടുതല്‍ ഭംഗിയുള്ളതാക്കി മറ്റും.മനുവലി ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സൗകര്യവും അഡോബി ഫോട്ടോഷോപ്പ് കാമറ ആപ്പ് ഒരുക്കുന്നുണ്ട്.
ഇതുകൂടാതെ പോര്‍ട്രൈറ്, പോപ്പ് ആര്‍ട്, സ്‌പെക്ട്രം, ബില്ലി എലിഷ്, ആര്‍ട്ട്ഫുള്‍, ഫുഡ്, സീനറി, ബ്ലൂ സ്‌കൈസ്, റെവെറിയ എന്നിങ്ങനെ ധാരാളം ഫില്‍റ്ററുകളാണ് അഡോബി ഫോട്ടോഷോപ്പ് കാമറ ആകർഷകമാക്കുന്നത്.ഫില്‍റ്ററുകള്‍ പോരാ എന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ലൈബ്രറിയില്‍ നിന്നും കൂടുതല്‍ ഫില്‍റ്ററുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. അഡോബിയുടെ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളായ ലൈറ്റ്‌റൂം, ഫോട്ടോഷോപ്പ് എന്നിവയുടെ ആപ്പ് ലഭ്യമാണെങ്കിലും ഫോട്ടോഷോപ്പ് കാമറ ആപ്പ് മേല്പറഞ്ഞ എല്ലാ ആപ്പുകളുടെയും സവിശേഷതകള്‍ ഒത്തിണക്കുന്നതാണ് എന്ന് അഡോബി അവകാശപ്പെടുന്നു.