dubai

ദുബായ് : ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളിൽ 100 ശതമാനം ഹാജര്‍നിലയോടെ പ്രവര്‍ത്തിക്കാന്‍ അനുമതി. ഇന്ന് മുതലാണ് സർക്കാർ ഓഫീസുകൾ പഴയപടി പ്രവർത്തിക്കാൻ അനുമതി നല്‍കിയിരിക്കുന്നത്.മെയ് 27ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതിന് സംബന്ധിച്ച് തീരുമാനം അറിയിച്ചിരുന്നു. ഇതേദിവസമാണ് സ്വകാര്യ വ്യവസായങ്ങള്‍ക്കും ഷോപ്പിങ് മാളുകള്‍ക്കും 100 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയത്. ജൂണ്‍ ഒന്ന് മുതല്‍ നിരവധി കമ്പനികള്‍ ഇത് വിനിയോഗിക്കുന്നുണ്ട്.

തുറക്കുന്നതിന് മുന്‍പ് എല്ലാ തരത്തിലുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.ആഗോള സാമ്പത്തിക പ്രതിസന്ധി കാരണമാണ് കമ്പനികളെയും, മറ്റ് സാമ്പത്തിക വിഭാഗങ്ങളെയും പിന്തുണച്ച് ദുബായ് ഭരണകൂടം ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഗര്‍ഭിണികള്‍, പ്രത്യേക പരിഗണന ആവശ്യമായ രോഗികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ മുതലായവർ, മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇളവുകള്‍ക്ക് അര്‍ഹരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജോലിയുടെ സാഹചര്യം കണക്കിലെടുത്ത് ഇവർക്ക് ഇളവുകൾ അനുവദിക്കും.60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഒന്‍പതാം ഗ്രേഡിനും അതിന് താഴെയും പഠിക്കുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്കും ഈ അക്കാദമിക് വര്‍ഷം അവസാനിക്കുന്നത് വരെ ഇളവുകള്‍ നല്‍കുന്നുണ്ട്.