കോലഞ്ചേരി: കിഴക്കൻ മേഖലയിലും സ്വകാര്യ ബസുകൾ കടുത്ത നഷ്ടത്തിൽ. വർദ്ധിപ്പിച്ച നിരക്കിൽ സർവീസ് നടത്താനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതാണ് തിരിച്ചടിയായത്. പൊതുഗതാഗത്തെ ആശ്രയിക്കുന്നത് കുറഞ്ഞതും നഷ്ടത്തിന്റെ ആക്കം കൂട്ടി. ഇന്ധന വില വർദ്ധനവും മേഖലയുടെ നട്ടെല്ലൊടിച്ചു. 46 ബസുകളാണ് മേഖലയിൽ സർവീസ് നടത്തിയിരുന്നത്. ഇതിൽ ഓടിയതാകട്ടെ 30 എണ്ണം. നഷ്ടം സഹിച്ചാണ് ഉടമകൾ ബസുകൾ നിരത്തിലിറക്കിയത്. ഇന്നും നാളെയും 15 ബസുകൾ വീതം ഒന്നിടവിട്ട ദിവസം പരീക്ഷണ അടിസ്ഥാനത്തിൽ സർവീസ് നടത്താനാണ് നീക്കം. ബസുകൾ നിരത്ത് വിടുന്നത് സാധാരണക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചപ്പോൾ തന്നെ പ്രതിദിനം 3500 മുതൽ 4000 വരെയായിരുന്നു നഷ്ടം. പഴ നിരക്കായപ്പോൾ ഇത് ഇരട്ടിയായി. നിലവിൽ 2,000 മുതൽ 3,000 വരെയാണ് ശരാശരി കളക്ഷൻ. ഡ്രൈവർ, കണ്ടക്ടർ, രണ്ട് ക്ലീനർമാർ എന്നിങ്ങനെ നാല് ജീവനക്കാരാണ് നേരത്തെ ഉണ്ടായിരുന്നത്. ഇപ്പോൾ രണ്ടാക്കി ചുരുക്കി. ഇവർക്ക് 700 രൂപ മുതൽ 850രൂപ വരെ ദിവസ വേതനം നൽകണം. ഡീസലടിക്കുന്ന ചെലവ് വേറെ. ഒരു ലക്ഷത്തോളം രൂപയാണ് പല ഉടമളും ബസുകൾ വീണ്ടും നിരത്തിലിറക്കിയത്. ഒരു മാസത്തെ റോഡ് നികുതി മാത്രമാണ് സർക്കാർ ഒഴിവാക്കിയത്. 60 ദിവസം തുടർച്ചയായി ഓടാതിരുന്നാൽ മാത്രമേ ഇൻഷൂറൻസ് ഇളവും ലഭിക്കൂ. എല്ലാ ബസ് ഉടമകളുടേയും ലോൺ തിരിച്ചടവ് മുടങ്ങി കിടക്കുകയാണ്.
ഒരാഴ്ച സർവീസ് നടത്തിയപ്പോൾ പ്രതി ദിന നഷ്ടക്കണക്ക് ഏറി വകരികയാണ്. വീണ്ടും ഓടി നഷ്ടമാണെങ്കിൽ സർവ്വീസ് എന്നന്നേക്കുമായി നിർത്താനാണ് തീരുമാനം.
ജി.വിനോദ് കുമാർ
കോലഞ്ചേരി മേഖല പ്രസിഡന്റ്
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം