google-map

കൊവിഡ് ടെസ്റ്റിംഗ് നടത്തേണ്ടവര്‍ക്ക് തൊട്ടടുത്തുള്ള കേന്ദ്രം എവിടെ എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സൗകര്യമൊരുക്കി ഗൂഗൾ മാപ്പ്.തൊട്ടടുടുത്തുള്ള കൊവിഡ്-19 ടെസ്റ്റിംഗ് കേന്ദ്രം ഏതെന്നറിയാന്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ മാപ്സ് എന്നിവയിലേതെങ്കിലും നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലുണ്ടെങ്കില്‍ എളുപ്പമാണ്. തൊട്ടടുത്തുള്ള കൊവിഡ്-19 ടെസ്റ്റിംഗ് കേന്ദ്രം ഏതാണെന്ന് വെളിപ്പെടുത്തുക മാത്രമല്ല ആ ടെസ്റ്റിംഗ് സെന്ററുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ എല്ലാ വിവരങ്ങളും ഇനി വളരെ എളുപ്പം ലഭിക്കും.

ടെസ്റ്റിംഗിനുള്ള നിയന്ത്രണങ്ങള്‍, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍, കൊവിഡ്-19 ടെസ്റ്റിംഗ് കേന്ദ്രം സര്‍ക്കാരിന്റേതാണോ? അതോ സ്വകാര്യ സ്ഥാപനമാണോ?, ടെസ്റ്റ് നടത്താന്‍ റഫറല്‍ ആവശ്യമാണോ തുടങ്ങിയ വിവരങ്ങള്‍ ഈ അപ്‌ഡേറ്റ് വഴി ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ മാപ്സ് അപ്പുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും കൂടാതെ ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ, മറാത്തി, ഗുജറാത്തി ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാണ്. രാജ്യത്തെവിടെയുമുള്ള കൊവിഡ്-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ മേല്പറഞ്ഞ 3 ആപ്പില്‍ നിന്നും ഇനി ലഭിക്കും.

ഗൂഗിള്‍ മാപ്പിൽ കൊവിഡ്-19 ടെസ്റ്റിംഗ് കണ്ടെത്തുന്നതെങ്ങനെ ?

ഗൂഗിള്‍ മാപ്പ് അപ്ലിക്കേഷനിൽ സെര്‍ച്ച് ബാറില്‍ 'കൊവിഡ് -19 ടെസ്റ്റിംഗ്' എന്നോ 'കൊറോണ വൈറസ് ടെസ്റ്റിംഗ്' എന്നോ ടൈപ്പ് ചെയ്യുമ്പോൾ അടുത്തുള്ള എല്ലാ ടെസ്റ്റിംഗ് സെന്ററുകളുടെയും ലിസ്റ്റ് തുറന്നു വരും. ടെസ്റ്റിംഗ് സെന്ററിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ആ ടെസ്റ്റിംഗ് സെന്ററിന്റെ പേരിന് മുകളില്‍ ക്ലിക്ക് ചെയ്താൽ മതിയാകും.