കൊച്ചി: ട്രാഫിക് നിയമലംഘനത്തിന് പിടിക്കപ്പെടുന്നവർക്ക് ഇനി ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉടനടി പിഴയടക്കാം. കുറ്റകൃത്യത്തിന്റെയും പിഴയുടെയും വിവരങ്ങൾ അടങ്ങിയ സ്ലിപും അപ്പോൾ തന്നെ ലഭിക്കും.

മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന ഇ ചലാൻ പദ്ധതിക്ക് ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പി.ഒ.എസ് മെഷീനുകൾ ഫെഡറൽ ബാങ്ക് ആണ് നൽകിയത്. എറണാകുളത്ത് ഈ സേവനം കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനക്ഷമമായി. പൂർണമായും വെബ് അധിഷ്ഠിതമായി ഈ സംവിധാനത്തിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കും.

രാജ്യവ്യാപക കേന്ദ്രീകൃത സംവിധാനമായ വാഹൻ സോഫ്ട്‌വെയറുമായി ഇ-ചെലാൻ സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്. പി.ഒ.എസ് മെഷീനുകൾ എൻ.ഐ.സി കേരളത്തിന്റെ പിന്തുണയോടെ കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനവുമായി സംയോജിപ്പിച്ചാണ് പിഴകൾ ഡിജിറ്റലായി നേരിട്ട് സ്വീകരിക്കുന്നത്. ജൂൺ അവസാനത്തോടെ കേരളത്തിലെ എല്ലാ ആർ.ടി ഓഫീസുകളിലും ഇതു നടപ്പിലാകും.