വൈപ്പിൻ : മുനമ്പം, കാളമുക്ക്, കൊച്ചി മത്സ്യബന്ധനമേഖലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി. തമിഴ്‌നാട് ഉൾപ്പെടെ കൊവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിൽ നിന്നും അന്യജില്ലകളിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്നും തൊഴിലാളികൾ വലിയ തോതിൽ എത്താൻ തുടങ്ങിയതോടെയാണ് ജില്ലാ ഭരണകൂടം കർശന നടപടകളിലേക്ക് നീങ്ങിയത്.

ട്രോളിംഗ് നിരോധനത്തെ തുടർന്ന് കൊല്ലം ശക്തികുളങ്ങര, തിരുവനന്തപുരം പൊഴിയൂർ, കുളത്തൂർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് ഫൈബർ വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ കടൽമാർഗം വൈപ്പിൻ ദ്വീപിലെ വിവിധ ഇടങ്ങളിൽ എത്തിയത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.

സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി, മുനമ്പം പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി കടുപ്പിച്ചത്. വിവിധ വകുപ്പുകൾ മേഖലയിൽ പരിശോധന നടത്തി.

നാട്ടുകാരല്ലാത്ത എല്ലാ മത്സ്യത്തൊഴിലാളികളും ഉടൻ തിരിച്ചു പോകാനും നിർദേശിച്ചു. ഈ തൊഴിലാളികൾക്ക് ഇവിടെ സൗകര്യം ചെയ്തുകൊടുത്തവർ തന്നെ ഇവർക്ക് തിരിച്ചു പോകാനും വേണ്ട നടപടികളെടുക്കണം.

നൂറോളം ചൂണ്ടവള്ളങ്ങളാണ് ട്രോളിംഗ് നിരോധനത്തെതുടർന്ന് മുനമ്പത്ത് എത്തിയത്. ഇവയിൽ എല്ലാം കൂടി അഞ്ഞൂറോളം തൊഴിലാളികൾ ഉണ്ട്. ഇവരിൽ ചിലർ ചെറായിയിലും തങ്ങുന്നുണ്ട്.