marthandavarmath
ആലുവ മാർത്താണ്ഡവർമ്മ പാലത്തിന്റെ 80 -ാം പിറന്നാൾ ദിനത്തിൽ ആലുവ താലൂക്ക് പാരാവകാശ സംരക്ഷണ സമിതി പുഷ്പാഹാരം ചാർത്തിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും പാലത്തെ ആദരിക്കുന്നു

ആലുവ: ആലുവ മാർത്താണ്ഡ വർമ്മ പാലത്തിന്റെ 80 -ാം പിറന്നാൾ ദിനത്തിൽ ആലുവ താലൂക്ക് പാരാവകാശ സംരക്ഷണ സമിതി പുഷ്പാഹാരം ചാർത്തിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുത്തശ്ശി പാലത്തെ ആദരിച്ചു. പാലം നിർമ്മാണത്തിനിടെ രക്തസാക്ഷികളായവരെയും ചടങ്ങിൽ അനുസ്മരിച്ചു. മുത്തശ്ശി പാലത്തിന് സമാന്തരമായി പുളിഞ്ചുവട് മുതൽ സെമനാരിപടി വരെ ഫ്ളൈഓവർ സ്ഥാപിച്ച് ബൈപ്പാസ് കവലയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അശാസ്ത്രീയമായാണ് ബൈപ്പാസിൽ ഫ്ളൈഓവർ സ്ഥാപിച്ചിട്ടുള്ളത്. പുളിഞ്ചോട് നിന്നാരംഭിച്ച് ഏറെ തിരക്കുള്ള ബൈപ്പാസ് കവലക്ക് മുമ്പ് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദീർഘദൂര പാലം വേണമെന്ന ആവശ്യമുയരുന്നത്. മുതിർന്ന അംഗം എം.എം. ഹൈദ്രോസ് കുട്ടി പാലത്തിലെ ശിലാഫലകത്തിൻ പുഷ്പചക്രം ചാർത്തി. സമിതി പ്രസിഡന്റ് സി.എം. അബ്ദുൾ വഹാബ്, സെക്രട്ടറി സാബു പരിയാരത്ത്, ട്രഷറർ എ.വി. റോയി, ജോൺസൻ മുളവരിക്കൽ, വി.എക്‌സ്. ഫ്രാൻസീസ്, അബ്ബാസ് തോഷിബാപുരം, ബാബു കുളങ്കര, ജോബിൻ ജോൺസൻ, അക്യുബ് ഹനാൻ എന്നിവർ നേതൃത്വം നൽകി.