കൊച്ചി: പുതിയ ജോലി പഠിക്കാനോ ചെയ്യാനോ പ്രായം ഒരു തടസമല്ല, കതൃക്കടവ് സ്വദേശി ചാൾസ് ക്ളീറ്റസിന്. ജീവിക്കാനുള്ള ദൃഢനിശ്ചയമാണ് ഓൺലൈൻ ഫുഡി ഡെലിവറി ബോയ് ഈ സീനിയർ സിറ്റിസന്റെ കണ്ണുകളിൽ.
നഗരത്തിലെ സ്വകാര്യ സ്പെയർ പാർട്സ് കടയിലെ ജീവനക്കാരനാണ് 19 വർഷമായി ചാൾസ് ക്ലീറ്റസ്. പ്രായം 58. വിരമിക്കാറായപ്പോഴാണ് ഭാര്യ ആശയ്ക്കും തനിക്കും ജീവിക്കാൻ മറ്റൊരു ജോലി വേണമെന്ന് മനസിലാക്കിയത്. അങ്ങനെ ചെറുപ്പക്കാര് പിള്ളേരോട് ഫുഡ് ഡെലിവറിയെക്കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിൽ പേര് രജിസ്റ്റർ ചെയ്തു. ഒരു മണിക്കൂർ ട്രെയിനിംഗിന് ശേഷം ജോലിയും തുടങ്ങി. സ്പെയർ പാർട്സ് കടയിലെ ജോലിസമയം കഴിഞ്ഞാണ് ഈ ജോലക്കിറങ്ങുക. പയറ്റിതെളിയുന്നതിനിടെയാണ് ലോക്ക് ഡൗൺ. ഭക്ഷണ വിതരണത്തിന് തടസമില്ലാത്തതിനാൽ വീട്ടിലിരിക്കേണ്ടെന്ന് ചാൾസ് തീരുമാനിച്ചു. മുഖത്ത് മാസ്കും കയ്യിൽ സാനിറ്റൈസറും കരുതി മൊബൈൽഫോണുമെടുത്ത് നേരെ ടൂവീലറിൽ നഗരത്തിലേക്ക് തിരിക്കും.
പുതിയ നിയന്ത്രണങ്ങൾ പോലെയുള്ളവർക്ക് തുണയായെന്നാണ് ചാൾസ് പറയുന്നത്. ഇപ്പോൾ ഫ്ലാറ്റുകളുടെ പലനിലകൾ കയറേണ്ടതില്ല. കസ്റ്റമർ താഴെ ഇറങ്ങി വന്ന് വാങ്ങിക്കൊള്ളും. ഡെലിവറി ബോയ്സ് ഒരുപാട് പേർ നാട്ടിലേക്കും മറ്റും പോയതിനാൽ അത്യാവശ്യം ജോലിയുമുണ്ട്.
കൊവിഡ് കാലമായതിനാൽ തത്ക്കാലം റിട്ടയർമെന്റിനെ കുറിച്ച് കടയുടെ മാനേജ്മെന്റ് പറയാത്തതും ആശ്വാസമാണ്. ജോലി കഴിഞ്ഞ് വൈകിട്ട് അഞ്ചുമണിക്കൂറാണ് ഡെലിവറി ബോയ് വേഷം.
ഞായറാഴ്ചകളിൽ രാവിലെ മുതൽ വൈകുന്നേരം വരെയും. കടവന്ത്രയിൽ വാടകവീട്ടിലാണ് താമസം. മക്കൾ ഇല്ല.
ഫുഡ് ഡെലിവറി രംഗത്തേക്ക്
പ്രായമായവരും
ഇടക്കാലത്ത് തിരക്കേറിയ കൊച്ചിനഗരത്തിന്റെ കാഴ്ച്ചയായിരുന്നു ഓൺലൈൻ ഫുഡ്‌ഡെലിവറിക്കായി ചുറുചുറുക്കോടെ ഇരുചക്രവാഹനത്തിൽ പായുന്ന ചെറുപ്പക്കാർ. കൊവിഡ് ലോകത്തെ അടിമുടി മാറ്റിയപ്പോൾ പ്രായമായവരും രംഗത്തിറങ്ങുന്നു. ടൂ വീലറിൽ മാത്രമല്ല, സൈക്കിളിലും ഫുഡ് ഡെലിവറി നടത്തുകയാണ് ചിലർ. കിട്ടുന്ന ഓർഡറുകളുടെ എണ്ണം കുറയുമെങ്കിലും ഒരു ജോലിയും ഇല്ലാതിരിക്കുന്നതിനേക്കാൾ ഭേദമല്ലേയെന്നാണ് ചോദ്യം.