പറവൂർ : പറവൂർ നഗരസഭയുടെ കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ മുനിസിപ്പൽ ടൗൺഹാളിന്റെ മേൽക്കൂരയിലെ രണ്ടു റൂഫിംഗ് ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നുപോയി കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രണ്ടു വർഷം മുമ്പും ഷീറ്റ് പറന്നു സമീപവാസിയുടെ വീട്ടിലേക്കു വീണിരുന്നു. ശക്തമായ കാറ്റിലും മഴയിലും ഷീറ്റുകൾ പറന്നുപോകുന്ന സ്ഥിതിയുണ്ടായൽ വലിയ ദുരന്തമുണ്ടായേക്കാം. കാൽനടയാത്രക്കാരടക്കം പോകുന്ന റോഡിലേക്കാണ് ഷീറ്റുകൾ വന്നുവീണത്. റോഡിന് സമീപത്തായി ഒട്ടേറെ വീടുകളും സ്ഥാപനങ്ങളുമുണ്ട്. രണ്ടു കോടിയോളം രൂപ ചെലവഴിച്ചു ടൗൺഹാളിൽ നവീകരിച്ച സമയത്ത് മേൽക്കൂരയിൽ ഇട്ട ഷീറ്റ് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. നിരന്തരം ചോർച്ചയുണ്ടായതോടെ പ്രധാന ഹാളിന് മുകളിൽ വരുന്ന ഏകദേശം 9000 സ്ക്വയർഫീറ്റ് ഷീറ്റുകൾ മാറ്റിസ്ഥാപിച്ചിരുന്നു.