elight
എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ ജീവനക്കാർ നാട്ടിലേക്ക് വരുന്നതിനായി ദുബായി വിമാനത്താവളത്തിൽ എത്തിയപ്പോൾ

നെടുമ്പാശേരി: കൊവിഡിനെ തുടർന്ന് നാട്ടിലേക്കെത്താൻ വിഷമിച്ച ജീവനക്കാർക്കായി പ്രത്യേക വിമാനം ചാർട്ടർ ചെയ്ത് പ്രവാസി മലയാളി മാതൃകയായി. യു.എ.ഇ യിലും ജോർദ്ദാനിലുമായി പ്രവർത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ അമ്പലപ്പുഴ സ്വദേശി ആർ. ഹരികുമാറാണ് മൂന്ന് മാസത്തെ ലീവനുവദിച്ച് 120 ജീവനക്കാരെ എയർ അറേബ്യയുടെ വിമാനം ചാർട്ടർ ചെയ്ത് നാട്ടിലെത്തിച്ചത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. നാട്ടിലേക്ക് വരാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിച്ച മറ്റ് 48 പേർക്കു കൂടി ഈ വിമാനത്തിൽ അദ്ദേഹം സൗകര്യം നൽകി. ജീവനക്കാരെ മൂന്ന് മാസത്തിന് ശേഷം പ്രത്യേക വിമാനത്തിൽ തന്നെ മടക്കി കൊണ്ടുപോകും. എലൈറ്റ് ഗ്രൂപ്പിൽ ജോലി ചെയ്യുന്ന 1200 ലേറെ ജീവനക്കാരിൽ 90 ശതമാനവും മലയാളികളാണ്. ഗൾഫിൽ നിന്നും നാട്ടിലേക്ക് വരാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിക്കുന്ന മറ്റ് ചിലരെ കൂടി കൊണ്ടു വരാൻ ഒരു വിമാനം കൂടി ചാർട്ടർ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും ഹരികുമാർ പറഞ്ഞു.