കോലഞ്ചേരി: കുട ചൂടി സാമൂഹീകാകലം പാലിയ്ക്കാൻ കുടുംബശ്രീ. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിനായാണ് കുടകൾ. സംസ്ഥാന സർക്കാരിന്റെ 'ശാരീരിക അകലം സാമൂഹിക ഒരുമ' എന്ന കാമ്പയിന്റെ ചുവടു പിടിച്ചാണ് കുടചൂടുന്നതിലൂടെ സുരക്ഷ ഉറപ്പാക്കാമെന്ന ആശയം നടപ്പിലാക്കുന്നത്. കുടയോടൊപ്പം ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുള്ള സാമൂഹിക അകലം പാലിക്കുന്നതിനുള്ള ലഘുലേഖകളും വിതരണം ചെയ്യും.ജില്ലയ്ക്ക് 2400 ഓളം കുടകളാണ് സംസ്ഥാന മിഷനിൽ നിന്ന് ലഭ്യമാക്കിയിരിക്കുന്നത്. 10% കമ്മീഷൻ ഈ കുടകൾക്ക് ലഭിക്കുന്നതാണ്. ഈ കമ്മീഷൻ 5% സി.ഡി.എസുകൾക്കും 5% അയൽക്കൂട്ടങ്ങൾക്കും നൽകാവുന്നതാണ്.
# ഒരുമയ്ക്ക് ഒരു കുട അകലം
"ഒരുമയ്ക്ക് ഒരു കുട അകലം" എന്നപേരിൽ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി എല്ലാ അയൽക്കൂട്ടങ്ങൾക്കും കുടകൾ നൽകും. വീട്ടിൽനിന്ന് പുറത്തേക്കുപോകുമ്പോഴും പൊതു ഇടങ്ങളിലും കുടകൾ ചൂടുന്നതിലൂടെ സാമൂഹിക അകലം പാലിക്കാനാകുമെന്ന് ഉറപ്പിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.
#കുടകൾ കുറഞ്ഞവിലയ്ക്ക്
കുടുംബശ്രീക്ക് കീഴിലുള്ള കുട നിർമാണ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന കുടകൾ സി.ഡി.എസുകൾ മുഖേന അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കും. കുടയുടെവില ചെറിയ തവണകളായി 12 ആഴ്ചകൊണ്ട് തിരിച്ചടച്ചാൽ മതി. രണ്ട് ഫോൾഡ്, മൂന്ന് ഫോൾഡ്, കാലുള്ള കുടകൾ തുടങ്ങി നാലുതരം കുടകളാണ് ഉള്ളത്. ഓരോ കുടയുടെയും വിലവിവരം സംബന്ധിച്ച് സി.ഡി.എസുകളിൽ അറിയിപ്പ് നൽകിയശേഷമാണ് അയൽക്കൂട്ടങ്ങളിൽ എത്തിക്കുന്നത്.പൊതുവിപണിയിലേതിനേക്കാൾ കുറഞ്ഞവിലയ്ക്കാണ് കുടകൾ നൽകുന്നത്.അയൽക്കൂട്ടം അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചു കുടകൾ വിതരണം ചെയ്യും. കുട വാങ്ങിക്കുന്നതിന് അയൽക്കൂട്ടത്തിന്റെ ത്രിഫ്റ്റിൽ നിന്നും തുക വിനിയോഗിക്കാം.