drum-raft
പറവൂർ ഫയർഫോഴ്സ് നിർമ്മിച്ച ഡ്രം റാഫ്റ്റ്

പറവൂർ: പ്രളയമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾക്കായി പറവൂർ ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥർ ‘ഡ്രം റാഫ്റ്റ്’ നിർമിച്ചു. വെള്ളം പൊങ്ങിയാൽ ജനങ്ങളെ മാറ്റുന്നതിനായി പുത്തൻവേലിക്കര, വടക്കേക്കര, ചിറ്റാറ്റുകര, കോട്ടുവള്ളി, ചേന്ദമംഗലം, കുന്നുകര, കരുമാലൂർ തുടങ്ങിയ മേഖലകൾക്ക് വേണ്ടി തയ്യാറാക്കിയ മാതൃകയാണിത്.

2018ലെ പ്രളയത്തിൽ ഫയർസ്റ്റേഷന്റെ പരിധിയിലുള്ള 90 ശതമാനം പ്രദേശത്തും വെള്ളംകയറിയിരുന്നു. ഡ്രം റാഫ്റ്റ് നിർമ്മിക്കാൻ ചെലവായ തുക ജീവനക്കാർ സ്വരൂപിച്ചു. വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായമുണ്ടെങ്കിൽ കൂടുതൽ നിർമ്മിക്കാനാകും. ഓരോ മേഖലയിലും ഡ്രം റാഫ്റ്റ് ഉണ്ടായാൽ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകും. ബോട്ടിന്റെ മാതൃകയിൽ പൈപ്പ് വെൽഡ് ചെയ്തു പ്ലാറ്റ്ഫോം നിർമിച്ചു അടിയിൽ ഡ്രം ഘടിപ്പിച്ചു. കയറുന്നവർക്ക് പിടിച്ചു നിൽക്കുന്നതിനായി ചുറ്റും കൈവരി പിടിപ്പിച്ചു. തുഴഞ്ഞു പോകാൻ കഴിയും. ഒരു സമയത്ത് പതിനഞ്ച് പേരെ കയറ്റാം. സ്റ്റേഷൻ ഓഫിസർ വി.ജി. റോയിയുടെയും ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.എസ്. അഖിലിന്റെയും നേതൃത്വത്തിലാണ് നിർമാണം. ദുരന്തങ്ങളെ നേരിടുന്നതിനായി 50 സിവിൽ ഡിഫൻസ് വൊളന്റിയേഴ്സിനെ നിയമിച്ചിട്ടുണ്ട്. സ്റ്റേഷൻ പരിധിയിലെ സന്നദ്ധപ്രവർത്തകർക്ക് ദുരന്തനിവാരണ പരിശീലനം നൽകിവരുന്നു. ബ്ലോക്കിനു കീഴിൽ 50 സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം പൂർത്തിയായി. വൈപ്പിൻ ബ്ലോക്കിലെ 50 വനിതകൾക്കും പരിശീലനം നൽകി.