മൂവാറ്റുപുഴ: മാലിന്യം നീക്കം ചെയ്യാതെ ഓട സ്ലാബിട്ട് മൂടിയതിൽ പ്രതിഷേധം ശക്തം.നഗരത്തിലെ പ്രധാന റോഡായ കാവുംപടി റോഡിൽ പൊലീസ് സ്റ്റേഷനു സമീപത്തുള്ള മാലിന്യം നിറഞ്ഞ ഓടയാണ് വൃത്തിയാക്കാതെ തകർന്ന സ്ലാബിട്ട് മൂടിയത്.നിർമല ഹൈസ്‌കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന ഓട, ജൂനിയർ സ്‌കൂളിനു സമീപം പുഴയിലേക്കാണ് തുറന്നിരിക്കുന്നത്. ഓടയുടെ പല ഭാഗത്തും സ്ലാബുകൾ തകർന്ന നിലയിലാണ്. മാലിന്യം നിറഞ്ഞ് ദുർഗന്ധവും കൊതുകും പെരുകിയ ഓടയിലെ മാലിന്യം നീക്കം ചെയ്തിട്ട് വർഷങ്ങളായി. മഴക്കാല പൂർവ ശുചീകരണം നടക്കാത്ത നഗരസഭ പ്രദേശത്തെ പ്രധാന ഓടയിൽ ഒന്നാണിത്. ഓട വൃത്തിയാക്കുവാനായി രണ്ടു മാസം മുൻപ് രാത്രിയിൽ സ്ലാബുകൾ മാറ്റിയിരുന്നു. എന്നാൽ വൃത്തിയാക്കിയില്ല. സ്ലാബുകൾ മാറ്റിയ ഓടയിൽ ഇതിനിടെ നിരവധി വഴി യാത്രക്കാർ വീഴുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. മലിന ജലം കെട്ടി കിടക്കുന്ന ഓട വൃത്തിയാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും തുറന്നു വച്ചതലാതെ വൃത്തിയാക്കാൻ തയാറാകാത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.