കൊച്ചി: കൊവിഡ് വ്യാപനം ത‌ടയാൻ കഴിയുന്ന കയർ ചവിട്ടികൾ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ജൂലായിൽ വിപണിയിലിറക്കും. 200 ‌‌രൂപ മുതൽ വിലയുള്ള മാറ്റുകൾ കുടുംബശ്രീ വഴിയും വില്പന നടത്തും. ആന്റി കൊവിഡ് ഹെൽത്ത് പ്ളസ് എന്ന പേരിലുള്ള കയർ മാറ്റുകൾ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചു.

പ്രകൃതദത്തമായ നാരുകൾ കൊണ്ട് നിർമ്മിച്ച മാറ്റുകൾ അണുനശീകരണ ലായനി നിറച്ച ട്രേയിൽ വയ്ക്കും. മാറ്റിൽ ചവിട്ടി കാൽ വൃത്തിയാക്കുമ്പോൾ അണുക്കൾ നശിച്ച് രോഗവ്യാപന സാദ്ധ്യതയില്ലാതാകും. പാദരക്ഷയിലെ വെള്ളം മാറാൻ മറ്റൊരു മാറ്റിൽ ചവിട്ടണം. തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ്

ടെക്നോളജിയും നാഷണൽ കയർ ഗവേഷണ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും നൽകിയ നിർദ്ദേശങ്ങൾ പാലിച്ചാണ് മാറ്റ് തയ്യാറാക്കിയത്.

സോപ്പ് വെള്ളമാണ് അണുനശീകരണ ലായിനിയായി ഉപയോഗിക്കുന്നത്. മാറ്റ്, ട്രേ, ലായനി എന്നിവ കിറ്റായാണ് വിപണിയിലിറക്കുക.

വീടുകളിലെയും ഓഫീസുകളിലെയും ഉപയോഗത്തിന് അനുയോജ്യമായ രീതകളിലാണ് മാറ്റ്. പ്രായോഗിക പരീക്ഷണം ഇന്നലെ ആരംഭിച്ചു. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യം ഉപയോഗിക്കുന്നത്. രാജ്യം മുഴുവൻ മാറ്റുകൾ വിപണിയിലിറക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചതോടെ ജോലികൾക്കും മറ്റും പുറത്തുപോയി വീട്ടിൽ തിരിച്ചെത്തുന്നവരിലൂടെ കൊവിഡ് വ്യാപനം ഒഴിവാക്കാൻ മാറ്റിന് കഴിയും. കാൽ കഴുകി വീട്ടിൽ കയറുന്നതോടെ മുതിർന്നവർക്ക് ഉൾപ്പെടെ രോഗവ്യാപനം തടയാൻ കഴിയും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പകുതി വിലയ്ക്ക് മാറ്റുകൾ വിറ്റഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കയർ വകുപ്പ് സെക്രട്ടറി എൻ. പത്മകുമാർ, കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ, മാനേജിംഗ് ഡയറക്ടർ ജി. ശ്രീകുമാർ, എൻ.സി.ആർ.എം.ഐ ഡയറക്ർ ഡോ.കെ.ആർ. അനിൽ, കയർ ബോർഡ് സെക്രട്ടറി കുമാരരാജ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.