കൊച്ചി: മുനമ്പം ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് എത്തിയത് തമിഴ്നാട്ടുകാരെല്ലുന്നും ഇവർ തിരുവനന്തപുരം പൊഴിയൂർ സ്വദേശികളാണെന്നും തരകന്മാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ലോക്ക് ഡൗണിൽ വള്ളം ഹർബറിൽ കയറ്റി നാട്ടിലേക്ക് മടങ്ങി. ജൂൺ രണ്ടിന് കെ.എസ്.ആർ.ടി.സി ബസുകളിലും തരകന്മാർ ഏർപ്പാടാക്കിയ വാഹനങ്ങളിലുമാണ് തൊഴിലാളികൾ മുനമ്പത്ത് എത്തിയത്. വള്ളങ്ങളുടെ അറ്റകുറ്റ പണികൾക്ക് ശേഷം ജൂൺ ഒമ്പത് മുതൽ ജോലിക്ക് പോയിത്തുടങ്ങി. എന്നാൽ ഇവർ കടൽമാർഗം തമിഴ്നാട്ടുകാരെന്ന തരത്തിൽ ആരോപണം അഴിച്ചുവിടുകയായിരുന്നു. തുടർന്ന് ഫിഷറീസ് വകുപ്പിൽ നിന്ന് അധികൃതരെത്തി 24 മണിക്കൂറിനകം തിരികെ പോകാൻ ആവശ്യപ്പെട്ടു. കളക്ടറുടെ ഉത്തരവ് പ്രകാരമാണെന്ന് പറഞ്ഞെങ്കിലും അന്വേഷണത്തിൽ അത്തരമൊരു ഉത്തരവ് കളക്ടർ നൽകിയിട്ടില്ലെന്ന് അറിഞ്ഞു. മറ്റെല്ലാ ജില്ലകളിലും അന്യജില്ലകളിലെ മത്സ്യത്തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. എറണാകുളത്ത് മാത്രമാണ് ഇത്തരത്തിൽ പ്രശ്നം. നിലവിൽ ഈ മത്സ്യത്തൊഴിലാളികൾക്ക് ഹാർബറിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഭയം മൂലം നാട്ടുകാർ ഇവർക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും കളക്ടർക്കടക്കം പരാതി നൽകാൻ ഒരുങ്ങുകയാണെന്നും തരകന്മാർ പറഞ്ഞു.