കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ചു ഇലവീഴാപൂഞ്ചിറ വനമേഖലയിലേക്ക് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മേലുകാവ് സ്വദേശി അപ്പു ജോർജിന് ഹൈക്കോടതി ജാമ്യം നൽകി. 2019 നവംബറിൽ അറസ്റ്റിലായ പ്രതി ഇപ്പോഴും ജയിലിലാണ്. കേസിൽ അന്വേഷണം പൂർത്തിയാക്കിയ സംഘം തൊടുപുഴ പോക്‌സോ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. വിചാരണ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ഇയാൾക്ക് ജാമ്യം അനുവദിക്കരുതെന്നും സമാനമായ മറ്റൊരു പോക്സോ കേസിലും ഇയാൾ പ്രതിയാണെന്നും സർക്കാർ വാദിച്ചു. എന്നാൽ കുറ്റപത്രം നൽകിയ കേസിൽ ദീർഘകാലമായി പ്രതി ജയിലിൽ കഴിയുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ച് ജാമ്യം നൽകിയത്. പ്രതിയുടെ അമ്മ രോഗബാധിതയായതോടെ ജോലി ചെയ്തു ജീവിക്കാനാവാത്ത നിലയിലാണെന്നും ജാമ്യാപേക്ഷയിൽ പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. നിയമസഹായവേദി വഴിയാണ് പ്രതിക്ക് അഭിഭാഷകനെ ലഭ്യമാക്കിയത്. പെൺകുട്ടിയുമായി വനത്തിലേക്ക് കടന്ന പ്രതിയെ 23 ദിവസങ്ങൾക്കു ശേഷമാണ് പൊലീസും നാട്ടുകാരും ചേർന്നു പിടികൂടിയത്.