കോലഞ്ചേരി: ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ ചീട്ടുകളി പഠിച്ചവർക്ക് ധന നഷ്ടം, മാനഹാനി ഫലം. വലിയ തുക ലഭിക്കുമെന്ന് മോഹിപ്പിച്ച് ഓൺലൈൻ ചൂതാട്ടത്തിലൂടെ കമ്പനികൾ തട്ടിയെടുക്കുന്നത് ലക്ഷങ്ങളാണ്. കളിയിൽ ഹരം മൂത്ത് ലക്ഷങ്ങൾ നഷ്ടമായർ ഏറെയുണ്ട്. പക്ഷേ അപമാനവും ഭയവും കാരണം ഇവർ പുറത്തു പറയാറില്ല.

ഓൺലൈൻ ആപ്പുകളും വെബ്‌സൈ​റ്റുകളും വഴിയാണ് ഈ കളി. റമ്മി സർക്കിൾ, സിൽക്ക് റമ്മി, ജംഗിൾ റമ്മി, റമ്മി ഗുരു, റമ്മി കൾച്ചർ, റമ്മി പാഷൻ, എയ്‌സ് റമ്മി തുടങ്ങിയവയാണ് ആപ്പുകൾ.

ഒരേ സമയം 50 രൂപ മുതൽ 50,000 രൂപവരെ നിക്ഷേപിച്ച് സ്മാർട്ട് ഫോണോ, കമ്പ്യൂട്ടറോ ഉപയോഗിച്ച് വീട്ടിലിരുന്ന് കളിക്കാം. എ.ടി.എം. കാർഡ്, പണം അയക്കുന്ന ആപ്പുകൾ എന്നിവ വഴിയും പണം നിക്ഷേപിക്കാം.

ലഭിക്കുന്ന കാർഡുകളിൽ നിന്ന് ഉചിതമായ സെ​റ്റുകളും സീക്വൻസുകളും രൂപീകരിക്കുന്നതിനുള്ള മിടുക്കാണ് ഈ കാർഡ്ഗെയിമിന്റെ തുറുപ്പുചീട്ട്.

പണംവെച്ചുള്ള ചീട്ടുകളി നിയമവിരുദ്ധമാണ്. എന്നാൽ ഓൺലൈൻ ചീട്ടുകളിക്ക് വിലക്കില്ല. ഗെയിം ഒഫ് സ്‌കിൽ എന്നുപറഞ്ഞ് കോടതിയിൽ നിന്നും ഇവ നിയമവിധേയമാക്കിയാണ് കച്ചവടം.

കളിക്കുന്നയാൾ മ​റ്റൊരാളെ ചേർത്താൽ അവർക്ക് ഇൻസന്റീവുകളുണ്ട്. പണം നഷ്ടപ്പെടുന്നത് എത്രയെന്ന് പോലും നോക്കാതെ കളി തുടരുമ്പോൾ അക്കൗണ്ട് കാലിയാവും. ചതിക്കപ്പെടാൻ സാധ്യത ഏറെയാണ്. റമ്മി പോലുള്ള പരമ്പരാഗത കാർഡ് ഗെയിമുകളോടുള്ള ആളുകളുടെ സ്‌നേഹമാണ് ഗെയിമിംഗ് വ്യവസായത്തിന്റെ വളർച്ചയെ നയിക്കുന്നത്. ചീട്ടുകളിയിൽ റമ്മിയാണ് ഹിറ്റ് ഗെയിം. റമ്മിയെ ഡിജി​റ്റൽ രംഗത്തേക്ക് മാ​റ്റിയതോടെ ഗെയിമിന് കൂടുതൽ പ്രചാരം ലഭിച്ചു. ഗെയിമിനെക്കുറിച്ചുള്ള ആളുകളുടെ പരിചയം റമ്മി കളിക്കാരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതിനും കാരണമായി.പോക്കർ കളിക്കൽ പോലുള്ള കാർഡ് ഗെയിമുകൾ ചൂതാട്ടമോ വാതുവയ്‌പ്പോ ആയിട്ടാണ് സമൂഹം കാണുന്നത്. റമ്മിയെ മറിച്ചും.