പൂത്തോട്ട: കേരളകൗമുദി ആദ്യകാല ഏജന്റുമാരിലൊരാളായ ഗോപാലേട്ടന്റെ വിയോഗത്തിന് ഇന്ന് ഒരാണ്ട്. കൊച്ചി, പൂത്തോട്ട, കാട്ടിക്കുന്ന് മേഖലകളിൽ കേരളകൗമുദിയുടെ സ്വാധീനമുറപ്പാക്കിയതിൽ നിർണായക പങ്ക് വഹിച്ചയാളാണ് പൂത്തോട്ട കണ്ണംവെളിയിൽ ഗോപാലൻ എന്ന കൗമുദി ഗോപാലേട്ടൻ. ഏഴ് പതിറ്റാണ്ടോളം ഇദ്ദേഹം കേരളകൗമുദിയുടെ പ്രചാരകനായും പ്രതിനിധിയായും സേവനമനുഷ്ഠിച്ചു.
കേരളകൗമുദി വിതരണക്കാരനായിരുന്ന അച്ഛൻ രാമന്റെ പാത പിന്തുടർന്നാണ് ഗോപാലൻ കൗമുദി ഗോപാലേട്ടനായത്. കേരളകൗമുദി ആസ്ഥാനമായ തിരുവനന്തപുരത്തെത്തി പത്രാധിപർ കെ. സുകുമാരനെ നേരിൽ സന്ദർശിച്ച് സ്വന്തം പേരിൽ ഏജൻസി ആരംഭിക്കുകയായിരുന്നു. ആ ബന്ധം മരണം വരെ തുടർന്നു. മരണശേഷം ഇളയമകൻ സജീവനിലേക്ക് ആ കണ്ണി അറ്റുപോകാതെ പകർന്നാണ് അദ്ദേഹം വിടവാങ്ങിയത്.
കേരളകൗമുദിയുടെ ഏറ്റവും നല്ല ഏജന്റുമാരിലൊരാളായിരുന്നു ഗോപാലേട്ടൻ. സ്വന്തം സ്റ്റേഷനറി - ടീഷോപ്പിന് മുൻവശത്ത് നിൽക്കെ പാഞ്ഞുവന്ന ബൈക്കിടിച്ചുണ്ടായ അപകടത്തെത്തുടർന്നാണ് രംഗമൊഴിഞ്ഞത്. ഭാര്യ രുഗ്മിണിയും അഞ്ച് മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.