vs-sunilkumar
ആലുങ്കൽകടവ് പാലം അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രി വി.എസ് സുനിൽകുമാറിന്റ അദ്ധ്യക്ഷതയിൽ നടന്ന യോഗം. അൻവർ സാദത്ത് എം.എൽ.എ, കളക്ടർ എസ്. സുഹാസ് എന്നിവർ സമീപം

നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ ആലുങ്കൽകടവ് പാലം അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ജൂലായ് 1 നകം പൂർത്തിയാക്കും. മന്ത്രി വി.എസ് സുനിൽകുമാറിന്റ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. അൻവർ സാദത്ത് എം.എൽ.എ, കളക്ടർ എസ്.സുഹാസ് എന്നിവർ പങ്കെടുത്തു.രണ്ട് വർഷം മുമ്പ് പാലം നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധ റോഡുകൾ നിർമ്മിച്ചിട്ടില്ലാത്തതിനാൽ പാലം ഉപയോഗശൂന്യമാണ്. ഇതേതുടർന്ന് അടുത്തിടെ നാട്ടുകാർ സ്വന്തം നിലയിൽ മണ്ണടിച്ച് താത്കാലിക ഗതാഗത സൗകര്യമൊരുക്കിയിരുന്നു. ഇതേതുടർന്നുണ്ടായ വിവാദമാണ് മാറാലപിടിച്ച് ഉദ്യോഗസ്ഥരുടെ കൈവശമിരുന്ന ഫയൽ തുറക്കാൻ വഴിയൊരുക്കിയത്. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷിജി കരുണാകരൻ, നെടുമ്പാശേരി സ്‌പെഷൽ തഹസിൽദാർ വിനോദ് ജി മുല്ലശേരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

#തുടർന്നുള്ള നടപടികൾ ജൂലായ് 31നകം

പാലത്തിനോടനുബന്ധിച്ച് അപ്രോച്ച് റോഡ് പൂർത്തീകരണത്തിനായി 28 സെന്റ് ഭൂമി നികത്തുന്നതിനുള്ള അനുമതി സർക്കാർ നേരത്തെ നൽകിയിരുന്നു. ഇതുൾപ്പടെ 79 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സ്ഥലത്തിന്റെ സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തിയായി. തുടർന്നുള്ള നടപടിക്രമങ്ങൾ ജൂലായ് 31നകം പൂർത്തിയാക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

#പഠനം ജൂലായ് 12നകം പൂർത്തിയാകും
ആലുവ മണ്ഡലത്തിലെ തന്നെ പുറയാർ റയിൽവേ ഓവർ ബ്രിഡ്ജിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ പുരോഗതിയും യോഗം വിലയിരുത്തി. സ്ഥലത്തെ സംബന്ധിച്ച് സാമൂഹ്യ പ്രത്യാഘാതപഠനം നടത്തുന്നതിനായി കേരള വോളന്ററി ഹെൽത്ത് സർവീസസ് കോട്ടയത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജൂലായ് 12നകം മാത്രമേ പഠനം പൂർത്തിയാകൂ. റിപ്പോർട്ട് ലഭിച്ച ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിലാക്കുമെന്ന് ഡപ്യൂട്ടി കളക്ടർ എം.വി. സുരേഷ് കുമാർ യോഗത്തിൽ അറിയിച്ചു.