education
ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള വൈറ്റ് ബോർഡ് പദ്ധതിക്ക് ആന്റണി ജോൺ എം എൽ എ തുടക്കം കുറിച്ചു.

കോതമംഗലം: താലൂക്കിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനായുള്ള വൈറ്റ് ബോർഡ് പദ്ധതിക്ക് തുടക്കം കുറിച്ചതായി ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. ആദ്യഘട്ടത്തിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 1096 വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് ഒരുക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങൾ ഭിന്നശേഷിക്കാരായ കുടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന തരത്തിൽ പ്രത്യേകമായാണ് വീഡിയോ ക്രമീകരിക്കുന്നത്. ക്ലാസുകൾ ഓഡിയോ ആയും തയ്യാറാക്കും. കുട്ടികൾക്ക് വർക്ക് ഷീറ്റുകളും നൽകും. അദ്ധ്യാപകരുടെ ടെലഗ്രാം ചാനൽ ഇതിനായി രൂപീകരിച്ചു.ബി.ആർ. സിയിലെ അദ്ധ്യാപകരാണ് ഓരോ ക്ലാസിലേയും പാഠഭാഗങ്ങൾ തയ്യാറാക്കിയത്. അദ്ധ്യാപകർ വീടുകളിലെത്തി വർക്ക് ഷീറ്റ് പ്രവർത്തനങ്ങൾ അടക്കമുള്ള പരിശീലനം കുട്ടികൾക്ക് നൽകും. ഓൺലൈൻ ക്ലാസും വീടുകളിൽ എത്തിയുള്ള പരിശീലനവും പദ്ധതിയുടെ ഭാഗമായി മൊഡ്യൂളുകളായി തുടരുമെന്നും എം.എൽ.എ പറഞ്ഞു.