കൊച്ചി: റിട്ടേണുകൾ ഫയൽചെയ്യാൻവരുന്ന കാലതാമസത്തിന് ഈടാക്കിയിരുന്ന പരമാവധി പിഴ പതിനായിരം രൂപയിൽനിന്ന് അഞ്ഞൂറായി കുറച്ച ചരക്കുസേവന നികുതി കൗൺസിലിന്റെ തീരുമാനം കേരള മർച്ചന്റ് ചേംബർ ഒഫ് കൊമേഴ്സ് സ്വാഗതം ചെയ്തു.
ചെറുകിട വ്യാപാര വ്യവസായ മേഖലകൾക്ക് ആശ്വാസം പകരുന്നതാണ് തീരുമാനമെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ പറഞ്ഞു. വെബ്സൈറ്റിലെ തകരാറുകളും നിയമനടപടികളിലെ പോരായ്മകളുമാണ് നിശ്ചിതസമയത്ത് റിട്ടേണുകൾ സമർപ്പിക്കാൻ വൈകുന്നതിന് കാരണം. ഭീമമായ തുകയാണ് കേരളത്തിലെ വ്യാപാരികളിൽ നിന്ന് ഈടാക്കിയിരുന്നത്. 2007 മുതൽ ഈടാക്കിയ പിഴത്തുക തിരികെനൽകാൻ തയ്യാറാകണം.
മൂന്നുമാസമായി തുടരുന്ന ലോക്ക് ഡൗൺ മൂലം സ്തംഭനത്തിലായതിനാൽ യഥാസമയം നികുതിദായകർക്ക് റിട്ടേൺ ഫയൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല. കൊവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സാഹചര്യത്തിൽ തീരുമാനത്തിന് മുൻകൂർ പ്രാബല്യം നൽകാനും അമിത പിഴത്തുക തിരിച്ചുനൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.