പറവൂർ: കൊവിഡ് കാലം അതിജീവിക്കാൻ കേരളീയ സമൂഹം ജീവന്മരണ പോരാട്ടം നടത്തുമ്പോൾ വൈദ്യുതി ചാർജ് മൂന്നിരട്ടി വർദ്ധിപ്പിച്ച് പിണറായി സർക്കാർ ജനങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. കെ.പി.സി.സി ആഹ്വാന പ്രകാരം കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്നം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ നില്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറുപത് മാസത്തിനുള്ളിൽ എടുക്കേണ്ട റീഡിംഗ് 75 ദിവസം കഴിയുമ്പോൾ എടുക്കുകയും യൂണിറ്റ് വർദ്ധനവ് അനുസരിച്ച് സ്ലാബ് മാറ്റി കൂടിയ നിരക്കും വർദ്ധിപ്പിച്ച സർചാർജും വാങ്ങുന്നതിന് വേണ്ടിയാണ് ഈ രീതിയിൽ റീഡിംഗ് വൈകിപ്പിച്ചത്. സർക്കാരിനെയും പിണറായി വിജയനെയും വിമർശിച്ചാൽ കേസെടുക്കുവാൻ പൊലീസിന് നിർദേശം കൊടുവാൻ ഹിറ്റ്ലറാണോ കേരള മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശൻ ചോദിച്ചു. മണ്ഡലം പ്രസിഡന്റ് എ.എം. അലി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ബി.എ. അബ്ദുൾ മുത്തലിബ് മുഖ്യ പ്രഭാഷണം നടത്തി. കെ.വി. പോൾ, വി.എ. കെരീം, പി.എ. സക്കീർ, ടി.എ. നവാസ്, കെ.ആർ. നന്ദകുമാർ, കെ.എ. ജോസഫ്, കെ.എം. ലൈജു, ടി.എ. മുജീബ്, എ.എ. അൻസാരി തുങ്ങിയവർ സംസാരിച്ചു.