beeva

പെരുമ്പാവൂർ: സ്കൂട്ടറിൽ മറന്നുപോയ താക്കോലെടുക്കാനായി തിടുക്കത്തിൽ ബാങ്കിന്റെ ഗ്ളാസ്ഡോർ തള്ളിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ ചില്ലു തകർന്ന് വയറ്റിൽ തുളച്ചുകയറി യുവതിയുടെ ജീവൻ പൊലിഞ്ഞു. എറണാകുളം കൂവപ്പടി ചേരാനല്ലൂർ മങ്കുഴി വടക്കേവീട്ടിൽ നോബിയുടെ ഭാര്യ ബീനയാണ് (43) അത്യപൂർവമായ അപകടത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പെരുമ്പാവൂർ എ.എം റോഡിലെ ബാങ്ക് ഒഫ് ബറോഡ ശാഖയിലാണ് സംഭവം.

വയറ്റിൽ തുളച്ചുകയറിയ ചില്ലുമായി എഴുന്നേൽക്കാൻ ശ്രമിച്ച ബീന വീണ്ടും പൊട്ടിയ ചില്ലുകൾക്കു മീതേ വീണു. രക്തം ചീറ്റിയൊഴുകിയതോടെ യുവതിയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. അത്രയ്ക്ക് ആഴത്തിലാണ് മുറിവേറ്റത്.

ബിസിനസ് സംബന്ധമായി ബാങ്കിൽ പണമടയ്ക്കാൻ എത്തിയതാണ് ബീന. സ്കൂട്ടർ പുറത്തുവച്ചശേഷം ബാങ്കിനുള്ളിലെത്തിയപ്പോഴാണ് താക്കോൽ മറന്നത് ഓർത്തത്. പെട്ടെന്ന് പുറത്തേക്കിറങ്ങാൻ ഓടിയപ്പോൾ അടഞ്ഞുകിടന്ന ചില്ലുവാതിലിലേക്ക് ഇടിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ പൊട്ടിയചില്ല് വയറ്റിൽ ആഴത്തിൽ തുളച്ചുകയറി. സംഭവം കണ്ട് ബാങ്ക് ജീവനക്കാരും ഇ‌ടപാടുകാരും ഓടിയെത്തുമ്പോൾ ബീന വയർ പൊത്തിപ്പിടിച്ച് എഴുന്നേറ്റെങ്കിലും വീണ്ടും പൊട്ടിയ ചില്ലിലേക്ക് വീണു. ബീനയെ താങ്ങിയെടുത്ത് തൊട്ടടുത്ത കസേരയിൽ ഇരുത്തിയപ്പോഴേക്കും അവിടെ രക്തപ്രളയമായി. കുഴഞ്ഞുവീണ ബീനയെ ബാങ്ക് ജീവനക്കാരും പൊലീസും ചേർന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരൾ അടക്കം ആന്തരികാവയവങ്ങൾക്കുണ്ടായ ഗുരുതരമായ മുറിവുകളാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ബീനയുടെ സ്കൂട്ടറിൽ താക്കോൽ കിടപ്പുണ്ടായിരുന്നു. ഇതെടുക്കാനാണ് വെപ്രാളത്തിൽ പുറത്തേക്കോടിയത് എന്നാണ് പൊലീസിന്റെയും നിഗമനം.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭർത്താവുമൊത്ത് കൂവപ്പടിയിൽ ഇലക്ട്രിക്കൽ സ്ഥാപനം നടത്തിവരികയാണ്. അങ്കമാലി വേങ്ങൂർ മേനാച്ചേരി പൗലോസ്-മറിയം ദമ്പതികളുടെ മകളാണ്. മംഗലാപുരത്തെ നഴ്സിംഗ് വിദ്യാത്ഥിനി അഖില, എം.ബി.എ വിദ്യാർത്ഥി ജിസ്‌മോൻ, കാലടി താന്നിപ്പുഴ അനിത വിദ്യാലയത്തിൽ എട്ടാംക്ളാസ് വിദ്യാർത്ഥി ജെയ്മോൻ എന്നിവരാണ് മക്കൾ.