ആലുവ: ആലുവ നെടുവന്നൂർ സ്വദേശിയുടെ ഹൃദയം മിടിക്കും. പഴയതുപോലെ. ഗുരുതര ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 73കാരന് ശസ്ത്രക്രിയ രഹിതമായ നൂതന ചികിത്സയിലൂടെ രോഗം ഭേദമായി.സംസ്ഥാനത്തെ ആദ്യ ബൈകാവൽ വാൽവ് ഇംപ്ലാന്റേഷനാണ് രാജഗിരി ആശുപത്രിയിൽ വിജയകരമായത്. രാജഗിരിയിലെ കാർഡിയോളജിസ്റ്റ് ഡോ. രാംദാസ് നായിക്കിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
നെടുവന്നൂർ സ്വദേശി ഏറെ നാളായി ഹൃദ്രോഗിയായിരുന്നു. വിവിധ ചികിത്സയ്ക്ക് വിധേയനായെങ്കിലും രോഗം ഭേദമായില്ല.തുടർന്നാണ് രാജഗരിയിൽ എത്തിയത്. പരിശോധനയിൽ ഹൃദയവാൽവിന് ദ്വോരമുള്ളതായി കണ്ടെത്തി. വലത് ഭാഗത്തെ വാൽവ് കൃത്യമായി അടയാത്തത് മൂലമുണ്ടാകുന്ന രോഗാവസ്ഥയായിരുന്നു ഇത്. മുന്നോട്ട് പ്രവഹിക്കേണ്ട രക്തം പിന്നിലോട്ട് ഒഴുകുകയായിരുന്നു. ഇതായിരുന്നു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായത്. അതീവഗുരുതരാവസ്ഥയിൽ നിന്നും രോഗിയെ ജീവിതത്തിലക്ക് മടക്കികൊണ്ടുവരുക ഡോക്ടർമാർക്ക് കടുത്ത വെല്ലുവിളിയായിരുന്നു.
സാധാരണ ശസ്ത്രക്രിയയിലൂടെ വാൽവ് മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ രോഗിയുടെ ആരോഗ്യനിലയിൽ ശസ്ത്രക്രിയ സാദ്ധ്യമായിരുന്നില്ല. 50 കിലോഗ്രാം ഉണ്ടായിരുന്നു ശരീരഭാരം
90 കിലോയായി. രക്തം ഛർദ്ദിക്കാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് ഡോ. രാംദാസ് നായിക്കിന്റെ നേതൃത്വത്തിൽ പെർക്കൂട്ടേനിയസ് ബൈകാവൽ വാൽവ് ഇംപ്ലാൻറേഷൻ നടത്തിയത്. രോഗിയുടെ തുടയിയയിലെ രക്തകുഴൽ വഴി കത്തീറ്റർ ഹൃദയ ധമനിയിൽ എത്തിച്ച് രണ്ട് വാൽവുകൾ ഘടിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂർ കൊണ്ടാണ് ബൈകാവൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി പൂർത്തിയാക്കിയത്.
ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് രോഗി ഇന്നലെ ആശുപത്രി വിട്ടു. ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഓ ഫാ. ജോൺസൺ വാഴപ്പള്ളി, ഡോ. രാംദാസ് നായിക്ക് എന്നിവരുടെ നേതൃത്വത്തിൽ രോഗിയെ യാത്രയാക്കി. ഡോ. രാംദാസ് നായിക്കിനൊപ്പം ഡോ. ജേക്കബ് ജോർജ്, ഡോ. സുരേഷ് ഡേവിസ്, ഡോ. സന്ദീപ് ആർ, കാർഡിയാക് സർജൻ ഡോ. ജോർജ്ജ് വാളൂരാൻ, കാർഡിയാക് അനസ്‌തേഷ്യ വിഭാഗം ഡോ. മേരി സ്മിത, ഡോ. ദിപിൻ യു.ആർ എന്നിവർ ചികിത്സയിൽ പങ്കാളികളായി.