കൊച്ചി : അഴിമതിനിരോധന നിയമപ്രകാരം പൊതുസേവകർക്കെതിരെ 2018ന് മുമ്പ് രജിസ്റ്റർചെയ്ത കേസുകളിൽ അന്വേഷണത്തിനും തുടർ നടപടികൾക്കും മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസെടുക്കാൻ മുൻകൂർ അനുമതി വേണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെ 2018ൽ കൊണ്ടുവന്ന അഴിമതിനിരോധന ഭേദഗതി നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ചിന്റെ സുപ്രധാന വിധി. 2010ലെ വായ്പാത്തട്ടിപ്പു കേസിൽ മുൻകൂർ അനുമതി വേണമെന്ന നിയമഭേദഗതി പാലിക്കാതെ വിചാരണ തുടരുന്നതിനെതിരെ പ്രതി മുൻ ബാങ്ക് മാനേജർ കെ. ആർ. രമേശ് ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹർജികൾ തള്ളുകയും ചെയ്തു.
2007 - 2008 കാലഘട്ടത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹർജിക്കാർക്കെതിരെ രജിസ്റ്റർചെയ്ത കേസിൽ സി.ബി.ഐ അന്വേഷണം നടത്തി 2011 ജൂണിൽ കുറ്റപത്രം നൽകി. വിചാരണ തുടങ്ങാനിരിക്കെ 2018 ലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമുൾപ്പെടെ പാെതുസേവകർക്കെതിരെ അഴിമതിക്കേസിൽ അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന ഭേദഗതി കൊണ്ടുവന്നത്. അഴിമതിനിരോധന ഭേദഗതി നിയമത്തിലെ 17എ പ്രകാരം തങ്ങളുടെ കേസുകളിലും മുൻകൂർ അനുമതി വേണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. മുൻകൂർ അനുമതിയില്ലാതെയുള്ള പ്രോസിക്യൂഷൻ നടപടി നിയമപരമല്ലെന്നും കേസ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 17എ പ്രകാരമുള്ള ഭേദഗതിക്ക് മുൻകാലപ്രാബല്യമുണ്ടെന്ന് ചട്ടത്തിലും നിയമത്തിലും പറയുന്നില്ലെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ കേസിൽ അന്തിമറിപ്പോർട്ട് കോടതിയിൽ നൽകിയ ശേഷമാണ് മുൻകൂർ അനുമതി വേണമെന്ന ഭേദഗതി വന്നത്.
കോടതി പറഞ്ഞത്
ഭരണത്തിലെ അഴിമതിയില്ലാതാക്കാനും കുറ്റക്കാരെ ശിക്ഷിക്കാനുമാണ് അഴിമതിനിരോധന നിയമമുണ്ടാക്കിയത്
സത്യസന്ധരായ ഉദ്യോഗസ്ഥരെ അഴിമതിക്കേസുകളിൽ കുടുക്കുന്നതു തടയാൻ നിയമഭേദഗതിയും കൊണ്ടുവന്നു
പൊതുതാത്പര്യം മുൻനിറുത്തി ഭരണകാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്ക് ധൈര്യം പകരുകയെന്ന ലക്ഷ്യവുമുണ്ട്
ഉദ്ദേശ്യത്തെ തകർക്കാനോ അന്വേഷണത്തെ ദുർബലപ്പെടുത്താനോ കഴിയുന്ന തരത്തിൽ നിയമഭേദഗതിയെ വ്യാഖ്യാനിക്കാൻ കഴിയില്ല