പറവൂർ : ഗുജറാത്തിലെ കണ്ട്ല തുറമുഖത്തുനിന്ന് കപ്പലിലെ ജീവനക്കാരെ കേരളത്തിലെത്തിച്ച ടെമ്പോ ട്രാവലർ ഡ്രൈവർക്കെതിരെ ക്വാറന്റൈൻ ലംഘനത്തിന് കേസെടുത്തു. കൈതാരം സ്വദേശിക്കെതിരെയാണ് പറവൂർ പൊലീസ് കേസെടുത്തത്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഇയാളെ പ്രത്യേക ആംബുലൻസിൽ കളമശേരി മെഡിക്കൽ കോളേജിലുള്ള സർക്കാർ ക്വാറന്റൈൻ സെന്ററിലേയ്ക്ക് മാറ്റി.
കഴിഞ്ഞ പന്ത്രണ്ടിനാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള കപ്പൽ ജീവനക്കാരെ ടെമ്പോ ട്രാവലറിൽ രണ്ടു ഡ്രൈവർമാർ ചേർന്ന് നാട്ടിലെത്തിച്ചത്. അന്നുതന്നെ വീട്ടിലുള്ളവരെ മറ്റു വീടുകളിലേയ്ക്ക് മാറ്റി രണ്ടു പേരെയും ക്വാറന്റൈൻ ചെയ്തിരുന്നു. 13ന് കൈതാരം സ്വദേശിയായ ഡ്രൈവർ പുറത്തിറങ്ങി അഞ്ചുപേരുമായി സമ്പർക്കം നടത്തി. പൊലീസിനും ആരോഗ്യപ്രവർത്തകർക്കും വിവരം ലഭിച്ചതിനെ തുടർന്ന് സമ്പർക്കമുണ്ടായ അഞ്ചുപേരെയും ക്വാറന്റൈൻ ചെയ്തു.