പറവൂർ: വൈദ്യുതി ബില്ലുനു പിന്നാലെ വാട്ടർ അതോറിറ്റിയും ഉപഭോക്താക്കളെ പിഴിയുന്നു. ചിറ്റാറ്റുകര ജുമാമസ്ജിദിലെ പുതിയ വാട്ടർ ബിൽ 8,208 രൂപയാണ് പുതിയ ബിൽ. മാർച്ച് പതിമൂന്നിന് 4,145 രൂപ അടച്ച ശേഷം കാര്യമായി സ്ഥാപനം പ്രവർത്തിച്ചിട്ടില്ല. കൊവിഡ് ബാധ വ്യാപകമായതോടെ ഏറ്റവുമാദ്യം അടച്ച മുസ്ലിം പള്ളിയിലൊന്നാണ് ചിറ്റാറ്റുകര ജുമാ മസ്ജിദ്. മൂന്ന് മാസക്കാലമായി പരിസരവാസിയായ ഒരാൾ മാത്രമാണ് മസ്ജിദിലെ ആരാധനാകാര്യങ്ങൾ നിർവഹിക്കുന്നത്. വെള്ളം ഉപയോഗം തീരെ ഇല്ല. ഭീമമായ ബിൽ പരാതിപ്പെട്ടപ്പോൾ തുക അടയ്ക്കാനും കൂടുതലാണെങ്കിൽ പരിശോധനയ്ക്ക് ശേഷം അടുത്ത ബില്ലിൽ കുറവ് വരുത്താമെന്നുമാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. ബിൽ തുക അടക്കേണ്ടതില്ലെന്നും പരാതിയുമായി മുന്നോട്ട് പോകണമെന്നുമാണ് അടിയന്തിരമായി കൂടിയ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്ന് സെക്രട്ടറി വി.എ.താജുദ്ദീൻ പറഞ്ഞു.