കൊച്ചി: 'കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക തകർച്ചയിൽ നിന്നും കേരളത്തെ രക്ഷിക്കുന്നതിനായി ഭക്ഷ്യോത്പാദന വർദ്ധനവ് ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതി ഏത്? ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർക്കിടയിൽ നടത്തിയ സൈബർ ജാലകം 2 ക്വിസ് മത്സരത്തിലെ ഒന്നാമത്തെ ചോദ്യമായിരുന്നു അത്. 'സുഭിക്ഷ കേരളം' എന്ന ഉത്തരം തിരഞ്ഞെടുക്കാൻ 'അവർക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ അവതരിപ്പിച്ച കൃഷി പ്രോത്സാഹന പദ്ധതിയായ 'സുഭിക്ഷ കേരളം ', വയോജന പരിപാലന പദ്ധതിയായ 'ഗ്രാൻഡ് കെയർ' , 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭ്യമാക്കുന്ന ' വിശപ്പു രഹിത കേരളം ' മുതലായ പദ്ധതികളെ കുടുംബശ്രീ പ്രവർത്തകർക്ക് മനസിലാക്കി നൽകുക എന്ന ലക്ഷ്യത്തിലാണ് സൈബർ ജാലകം ക്വിസ് മത്സരം സംഘടിപ്പിച്ചത്. പതിനഞ്ചു ചോദ്യങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഒരു ലക്ഷത്തി ഒൻപതിനായിരത്തി ഒരുന്നൂറ്റി ഇരുപത് അംഗങ്ങൾ ഉത്തരങ്ങൾ ഗൂഗിൾ ഫോമിൽ നൽകി. ഇതിൽ 35,011 പേർ മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി. തെറ്റുത്തരം നൽകിയവർക്ക് ശരിയായ ഉത്തരവും വിശദാംശങ്ങളും നൽകി. കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ എസ് രഞ്ജിനി, സുഭിക്ഷ കേരളം അസിസ്റ്റന്റ് ജില്ല മിഷൻ കോർഡിനേറ്റർ ഇൻ ചാർജ്ജ് കെ.വിജയം തുടങ്ങിയവരാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നതിനും മത്സരത്തിന്റെ നടത്തിപ്പിനും നേതൃത്വം നൽകിയത്.