ആലുവ: ക്വാറന്റെൻ നിബന്ധനകൾ ലംഘിക്കുന്നതായുള്ള പരാതിയെ തുടർന്ന് റൂറൽ ജില്ലയിൽ പരിശോധനകൾ കർശനമാക്കി പൊലീസ്. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും വരുന്നവർ ക്വാറന്റെനിൽ കഴിയുന്നുണ്ടെന്ന് പൊലീസ് ഉറപ്പാക്കും. ഇതിനായി പൊലീസ് വോളന്റിയേഴ്‌സും പൊലീസിനൊപ്പം ഉണ്ടാകും.
കൊവിഡ് കോൾ സെന്റളർ വഴിയും, ഹാപ്പി അറ്റ് ഹോം ആപ്ലിക്കേഷൻ വഴിയും ക്വാറന്റെനിൽ കഴിയുന്നവരെ നിരീക്ഷിക്കുകയും അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ഇവർക്ക് പൊലീസ് സഹായം, മെഡിക്കൽ സഹായം ഫോറിനേഴ്‌സ് അസിസ്റ്റൻസ്, സൈക്യാട്രിക് അസിസ്റ്റൻസ് എന്നിവ നൽകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഫോൺ വിളികളാണ് റൂറൽ ജില്ലയിലെ കോൾ സെന്റുറിൽ പ്രതിദിനം എത്തുന്നത്.
#ഇതുവരെ 17 കേസുകൾ
ക്വാറന്റെൻ നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ എപ്പിഡമിക് ഡിസിസസ് ഓർഡിനൻസ് പ്രകാരം ഇതുവരെ 17 കേസുകൾ റൂറൽ ജില്ലയിൽ എടുത്തിട്ടുണ്ട്. ഇപ്പോൾ റൂറൽ ജില്ലയിൽ 4224 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ഇൻസ്റ്റിട്യൂഷനിൽ 230 പേരും, ആശുപത്രിയിൽ അഞ്ച് പേരുമുണ്ട്. ലോക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച 25 കേസുകൾ എടുത്തു. 13 പേരെ അറസ്റ്റ് ചെയ്തു. നാല് വാഹനങ്ങൾ കണ്ടുകെട്ടി. മാസ്‌ക്ക് ധരിക്കാത്തതിന് രണ്ട് പേർക്കെതിരെയും കേസെടുത്തു.