തോപ്പുംപടി: കൊവിഡ് രോഗഭീതിയും ട്രോളിംഗ് നിരോധനവും വന്നതോടെ മത്സ്യ സംസ്ക്കരണ കമ്പനികൾ പൂട്ടൽ ഭീഷണിയിൽ.
200 ഓളം പേർ ജോലി ചെയ്തിരുന്ന കുമ്പളങ്ങിയിലെ സംസ്ക്കരണ ശാലയും കഴിഞ്ഞ ദിവസം പൂട്ടി.
നേരത്തേ തന്നെ ചില സ്ഥാപനങ്ങൾ പൊറോട്ട, ചപ്പാത്തി തുടങ്ങിയ നിർമ്മിച്ച് കയറ്റി അയക്കുന്ന സ്ഥിതിയിലേക്കും മാറിയിരുന്നു. എന്നാൽ കൊവിഡ് ആ കമ്പനികളെയും പ്രതിസന്ധിയിലാക്കി. അരൂർ മേഖലയിലെ സീഫുഡ് കമ്പനികളിൽ പകുതിയും പ്രവർത്തനം നിലച്ച മട്ടാണ്.
ഇത്തരം കമ്പനികളിൽ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളാണ്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്തിരുന്ന ഇവരുടെ ജീവിതവും കഷ്ടപ്പാടിലായി.
ഒരായുസ് മുഴുവനും ഐസിൽ നിന്ന് വിറങ്ങലിച്ച് ജോലി ചെയ്ത ഇവർക്ക് ഇപ്പോൾ കറിവേപ്പിലയുടെ അവസ്ഥയാണ്.