പറവൂർ : ആക്രിക്കാരന് നൽകിയ വാഷിംഗ് മെഷീനിൽ നിന്ന് എയർപിസ്റ്റളും ചെനീസ് പടക്കങ്ങളും കണ്ടെടുത്തു. പുത്തൻവേലിക്കര തോണ്ടൽപാലത്തിനു സമീപത്തുള്ള അരവിന്ദാക്ഷ മേനോന്റെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. എങ്ങനെയാണ് ഇവ മെഷീനിൽ വന്നതെന്ന് വീട്ടുകാർക്ക് അറിയില്ല. എൺപത് വയസുള്ള അരവിന്ദാക്ഷ മേനോനും ഭാര്യയുമാണ് വീട്ടിൽ താമസിക്കുന്നത്. പ്രളയത്തിൽ വെള്ളംകയറി നശിച്ച വാഷിംഗ് മെഷീൻ ഏറെനാളായി വീടിന്റെ പിന്നിൽ വച്ചിരിക്കുകയായിരുന്നു. ആക്രിക്കാരൻ വന്നപ്പോൾ 250 രൂപ വിലയിട്ട് മെഷീൻ കൊടുത്തു. വീട്ടിൽനിന്ന് കൊണ്ടുപോകുന്നതിനു മുമ്പ് തുറന്നു നോക്കിയപ്പോഴാണ് ഒരു ബാഗും അതിൽ എയർപിസ്റ്റളും ചൈനീസ് പടക്കങ്ങളും കണ്ടത്. ആറ് പടക്കങ്ങൾ കൂട്ടിക്കെട്ടി ഒരു ബോർഡിൽ ബാറ്ററിക്കൊപ്പം ഘടിപ്പിച്ചുവച്ചിരുന്നതിനാൽ ബോംബാണെന്നാണ് ആദ്യം കരുതിയത്.
വീട്ടുകാർ തന്നെ പൊലീസിനെ വിളിച്ചുവരുത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ചു. പടക്കങ്ങളാണെന്ന് മനസ്സിലായതോടെ ഇവ നിർവീര്യമാക്കി. പടക്കമാണെങ്കിലും സ്ഫോടകവസ്തു കൈവശം വച്ചതിനാൽ കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ജോബി തോമസ് പറഞ്ഞു.