മൂവാറ്റുപുഴ: സംസ്ഥാനത്ത് സമ്പൂർണ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചതോടെ ഓൺലൈനായി പഠനം നടത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പഠനമുറി ഒരുക്കുന്നതിന്റെ ഭാഗമായിട്ട് എൽദോ എബ്രഹാം എം.എൽ.എയുടെ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രവർത്തിക്കുന്ന ഓഫീസിൽ ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം ഒരുങ്ങുന്നു.കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ഓൺലൈൻ പഠനമുറി ഒരുക്കുന്നതിന് സൗകര്യമില്ലാത്ത ക്ലബ്ബുകൾ, ലൈബ്രറികൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിയ്ക്ക് പഠന മുറികൾ ഒരുക്കുന്നതിന് എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടന്നും അംഗീകൃത ക്ലബ്ബുകൾ, ലൈബ്രറികൾ, കമ്മ്യൂണിറ്റി ഹാളുകളിൽ പഠനമുറി ഒരുക്കുന്നതിന് ഫണ്ട് വിനിയോഗിക്കുമെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. ഇതോടൊപ്പം തന്നെ എം.എൽ.എ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ടാബ് ചലഞ്ചിലേയ്ക്ക് നിരവധി സംഘടനകളും വിക്തികളും സഹായ ഹസ്തവുമായി എത്തിയിട്ടുണ്ടന്നും ടാബ് ലറ്റുകൾ അടുത്ത ദിവസം തന്നെ അതാത് ബി.ആർ.സികൾക്ക് കൈമാറുമെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.
.
# ഉദ്ഘാടനം 18ന്
ഓൺലൈൻ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഈ മാസം 18ന് വൈകിട്ട് നാലിന് എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും. ഓൺലൈൻ സംവിധാനമില്ലാതെ വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാൻ പ്രദേശങ്ങളിലെ ലൈബ്രറികൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ അടക്കം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് പിന്തുണയുമായിട്ടാണ് എം.എൽ.എ ഓഫീസിലും പഠന മുറി ഒരുക്കുന്നത്.