# വിഷ്ണുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും


തൃക്കാക്കര: പ്രളയഫണ്ട് തട്ടിപ്പുകേസിൽ കളക്ടറേറ്റിൽനിന്ന് കാണാതായ ഫയലുകൾ തേടി ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം ജീവനക്കാരുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് വ്യാപിപ്പിച്ചു. ഒന്നാം പ്രതിയും കളക്ടറേറ്റ് ജീവനക്കാരനുമായ വിഷ്ണുപ്രസാദിന്റെ ബന്ധുവിന്റെ വീട്ടിലും വീടിനോട് അനുബന്ധിച്ചുള്ള ഓഫീസിലും പരിശോധന നടത്തി. കളക്ടറേറ്റ് പരിഹാരം സെല്ലിലുണ്ടായിരുന്ന വനിതാ ജീവനക്കാരിയുടെ മാവേലിപുരത്തെ വീട്ടിലും പരിശോധന നടത്തി. ഇരുസ്ഥലങ്ങളിൽ നിന്നും ഒന്നും കണ്ടെത്താനായില്ല.

മെട്രോ സി.ഐ എ. അനന്തലാൽ, തൃക്കാക്കര സ്റ്റേഷൻ ഇൻസ്പെക്ടർ ഷാബു, എസ് .ഐ റോയ് കെ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മറ്റൊരു വനിതാ ജീവനക്കാരിയുടെ കൊല്ലം ഓച്ചിറയിലെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. ഭർത്താവ് അടക്കമുള്ളവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇവർ താമസിക്കുന്ന കാക്കനാട്ടെ ഹോസ്റ്റലിൽ നേരത്തെ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.

തട്ടിപ്പ് നടന്ന 2018, 2019 വർഷം കളക്ടറേറ്റിലെ പരിഹാരം സെല്ലിൽ വിഷ്ണുപ്രസാദിനൊപ്പം ജോലിചെയ്തിരുന്ന ജൂനിയർ സൂപ്രണ്ട് അടക്കമുളള 11 ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ഈ തട്ടിപ്പിൽ ജൂനിയർ സൂപ്രണ്ട് മുതലുളള മേലുദ്യോഗസ്ഥർ വരുത്തിയ ഗുരുതര വീഴ്ചകളാണ് തട്ടിപ്പിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. തട്ടിപ്പിൽ ഇവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വിഷ്ണുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.