മൂവാറ്റുപുഴ: പ്രതിഷേധം കനത്തതോടെ കച്ചേരിത്താഴത്തെ മീഡിയനുകൾ ഒടുവിൽ പൊളിച്ചു നീക്കി. നഗരഹൃദയമായ കച്ചേരിത്താഴത്ത് ഉണ്ടായിരുന്ന രണ്ട് ബസ് ബേകളും ഇല്ലാതായി. ഉയരം കുറഞ്ഞ മീഡിയനുകൾ രാത്രിയിൽ കാണാൻ കഴിയാത്തതു മൂലവും അപകടമുന്നറിയിപ്പ് അടയാളങ്ങൾ ഇല്ലാത്തതിനാലും ദിവസവും ഒട്ടേറെ അപകടങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ മാസം മാത്രം നിരവധി അപകടങ്ങളുണ്ടായി . വേഗത്തിൽ വരുന്ന വാഹനങ്ങൾ മീഡിയനുകളിലേക്ക് ഇടിച്ചു കയറുന്നതാണ് അപകടത്തിന് കാരണമാകുന്നത്. വാഹനങ്ങളുടെ എൻജിൻ ഭാഗമുൾപ്പെടെ തകരാറിലാകും. മീഡിയനുകളിൽ നിന്നു വാഹനങ്ങൾ ഇറക്കി മാറ്റണമെങ്കിൽ ക്രെയിനുകൾ വരേണ്ട അവസ്ഥയായിരുന്നു. അപകട മീഡിയനുകൾ പൊളിച്ചു നീക്കണമെന്നു പൊലീസിന്റെ ഭാഗത്തു നിന്നു നഗരസഭയ്ക്കും പൊതുമരാമത്തു വകുപ്പിനും റിപ്പോർട്ടുകൾ നൽകിയിരുന്നുവെങ്കിലും ഇരുകൂട്ടരും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അപകടങ്ങൾ പെരുകുകയും നടപടികളൊന്നുമുണ്ടാകാതിരിക്കുകയും ചെയ്തതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇതോടെയാണ് മീഡിയൻ പൊളിച്ചു നീക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.