കൊച്ചി : ലോക്ക് ഡൗണിനെത്തുടർന്ന് വൈദ്യുതിചാർജ് അമിതമായി വർദ്ധിച്ചെന്നും നിലവിലെ ദ്വൈമാസ ബില്ലിംഗിനുപകരം മാസാടിസ്ഥാനത്തിൽ ബില്ല് തയ്യാറാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശി വിനയകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. മാർച്ച് 24ന് ലോക്ക് ഡൗൺ നിലവിൽ വന്നതോടെ റീഡിംഗ് രേഖപ്പെടുത്തി ബിൽ തയ്യാറാക്കുന്ന സംവിധാനം നിറുത്തിവയ്ക്കേണ്ടിവന്നിരുന്നു. തുടർന്ന് ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബിൽ തയ്യാറാക്കിയത്. 76 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മീറ്റർ റീഡിംഗ് എടുത്തത്. ഈ ബില്ലിംഗ് രീതി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അനുമതിയോടെയല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. പ്രതിമാസം 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞനിരക്കും (ടെലിസ്കോപ്പിക് റേറ്റ്) ഇതിനു മുകളിൽ കൂടിയനിരക്കും ചുമത്തിയാണ് ബിൽ നൽകുന്നത്. കുറച്ചു വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഗുണകരമാണെങ്കിലും ഭൂരിപക്ഷം ഗാർഹിക ഉപഭോക്താക്കൾക്കും കൂടിയനിരക്ക് നൽകേണ്ടിവരുന്നെന്നും ഹർജിയിൽ പറയുന്നു.
മധുപാലിന്റെ 5,714 രൂപയുടെ
ബിൽ 300 ആയി കുറച്ചു
തിരുവനന്തപുരം: അടഞ്ഞുകിടന്ന വീടിന് ഉയർന്ന വൈദ്യുതി ബിൽ ഈടാക്കിയതിനെതിരെ സംവിധായകൻ മധുപാൽ ഉന്നയിച്ച പരാതി ശരിയെന്ന് തെളിഞ്ഞതിനാൽ ഈടാക്കിയ 5,714 രൂപയുടെ ബിൽ 300 രൂപയായി കുറച്ചു. നാല് മാസമായി അടഞ്ഞ് കിടന്ന വീടിനാണ് ഉയർന്ന ബിൽ ഈടാക്കിയത്. പേരൂർക്കട സെക്‌ഷനിൽ നിന്ന് ജൂൺ നാലിന് റീഡിംഗ് എടുത്തപ്പോഴാണ് 5,714 രൂപയുടെ ബിൽ നൽകിയത്.