പള്ളുരുത്തി: കരാറുകാരൻ വാഹന ഉടമകൾക്ക് പണം നൽകാത്തതിനെ തുടർന്ന് ജീവനക്കാർ പണിമുടക്കി. ഇതോടെ കൊച്ചി താലൂക്കിൽ വാതിൽപടി റേഷൻ വിതരണം ഇന്നലെ മുടങ്ങി. പണിമുടക്ക് ഇന്നും തുടരും. എന്നാൽ കരാറുകാരൻ സ്വന്തം നിലയിൽ സാധനങ്ങൾ എത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.ഇത് എന്ത് വില കൊടുത്തും തടയുമെന്ന നിലപാടിലാണ് യൂണിയൻ ഭാരവാഹികൾ.

നിലവിൽ റേഷൻ കടകളിൽ എത്തേണ്ട ഭക്ഷ്യധാധ്യങ്ങൾ കരുവേലിപ്പടിയിലെ ഗോഡൗണിൽ കെട്ടിക്കിടക്കുകയാണ്. റേഷൻ വിതരണം കാര്യക്ഷമമല്ലെന്ന പരാതി നിലക്കെയാണ് ജീവനക്കാർ പണിമുടക്കിയത്. ഇന്നലെ കൊച്ചിയിൽ എത്തേണ്ടിയിരുന്ന 25 ലോഡുകളാണ് മുടങ്ങിയത്. റേഷൻ കടകളിൽ സാധനങ്ങൾ ഇറക്കേണ്ട തൊഴിലാളികൾ എത്തിയപ്പോഴാണ് വാഹന ഉടമകൾ പണിമുടക്കിയതറിയുന്നത്.കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിനു കീഴിൽ 200 റേഷൻ കടകളാണുള്ളത്. ആലപ്പുഴ സ്വദേശിയാണ് കരാറുകാരൻ. എട്ട് ലോറികളിലായാണ് ഇയാൾ കടകളിൽ സാധനങ്ങൾ എത്തിക്കുന്നത്. ഒരു ലോറിയിൽ മൂന്ന് ജീവനക്കാരാണുള്ളത്. കഴിഞ്ഞ രണ്ട് മാസമായി 12 ലക്ഷം രൂപ കരാറുകാരൻ തൊഴിലാളികൾക്ക് നൽകാനുള്ളതിനാലാണ് വാഹന ഉടമകൾ പണിമുടക്കിയത്.

എന്നാൽ സപ്ളെെക്കോയിൽ നിന്ന് പണം ലഭിക്കാത്തതാണ് ഇത് കാരണമെന്നാണ് കരാറുകാരൻ പറയുന്നത്.സപ്ളെക്കോ ഇത് നിഷേധിച്ചിട്ടുണ്ട്. കരാർ കാലാവധി കഴിന്നിട്ടും കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇയാൾക്ക് തന്നെ വീണ്ടും കരാർ നൽകിയത്.