ins-vikranth-

കൊച്ചി : നിർമ്മാണത്തിലിരിക്കുന്ന ഐ.എൻ.എസ് വിക്രാന്തിൽനിന്ന് മോഷണംപോയ 20 കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളിൽ 19 എണ്ണവും എൻ.ഐ.എ കണ്ടെത്തി. കേസിൽ ബീഹാർ സ്വദേശി സുമിത്കുമാർ, രാജസ്ഥാൻ സ്വദേശി ദയറാം എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിൽ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മോഷണംപോയ സാധനങ്ങൾ കണ്ടെത്തിയത്. ഇക്കാര്യം റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ പത്തുദിവസം കസ്റ്റഡിയിൽ ചോദിച്ചിരുന്നെങ്കിലും കോടതി ഏഴു ദിവസത്തേക്ക് വിട്ടുനൽകി. പ്രതികൾ 5000 രൂപയ്ക്ക് ഒാൺലൈനിൽവിറ്റ മൈക്രോ പ്രോസസർ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. പണത്തിനു വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികൾ പറഞ്ഞു. തങ്ങൾക്കുവേണ്ടി വക്കാലത്തു നൽകിയ അഭിഭാഷകനെ ഒഴിവാക്കണമെന്നും അഭിഭാഷകനു നൽകാൻ കൈയിൽ പണമില്ലെന്നും പ്രതികൾ കോടതിയിൽ അറിയിച്ചു.