ദുഃഖഭരിതമാം ഞായർ,
നിഴലുകളിൽ ഏകാകിയായ
ഞാനുമെന്റെ ഹൃദയവും
എല്ലാമൊടുക്കുവാൻ
ഉറച്ചിരിക്കുന്നു...
(ഗ്ലൂമി സൺഡേ)
മഹായുദ്ധങ്ങൾ മനസിൽ പേറി നടക്കുന്നവരുണ്ട്. നോക്കി നിന്നാൽ, ഒരു മൗനജാഥ കടന്നു പോകുന്നത് പോലെയേ തോന്നൂ. അന്തഃസംഘർഷങ്ങളുടെ ഒരു കാലൊച്ച പോലും പുറത്തു കേൾപ്പിക്കാതെ മൃതിയിലേക്കോ മറവിയിലേക്കോ അവർ നടന്നകന്നു പോകും. അതുവരേക്കും പുറമേ നിന്നു നോക്കി കണ്ടിരുന്ന ഒരാളേയല്ല അവരുടെ ഉള്ളിലുണ്ടായിരുന്ന ഒരാൾ എന്ന് അവരില്ലാത്ത ഒരു ലോകത്തിരുന്ന് ഞെട്ടിത്തരിച്ച് നാം തിരിച്ചറിയും. സുശാന്ത് എന്ന മനുഷ്യന്റെ ഉള്ളിൽ അഭിനയിക്കാനറിയാത്ത ഒരാത്മാവുണ്ടായിരുന്നു. ആരും ഒരിക്കൽ പോലും ഒരഭിമുഖത്തിന് മുതിർന്നിട്ടില്ലാത്ത ഒരാത്മാവ്.
കഠിനശ്രമത്തിലൂടെ നേടിയെടുത്ത വിജയത്തിന്റെ പടികൾ കയറിത്തുടങ്ങവെ ജീവിതം മടുത്തിറങ്ങിപ്പോയ ആ ചെറുപ്പക്കാരൻ മരിക്കും മുമ്പ് ഗ്ലൂമി സൺഡേ എന്ന ഗാനം കേട്ടിരുന്നുവോ എന്ന് നിശ്ചയമില്ല. എന്നാൽ, ലോകം മുഴുവൻ പടർന്നു കയറുന്ന മഹാമാരിക്കാലത്ത് ശുഭവാർത്ത കൊതിച്ചുണർന്ന ഒരു ഞായറാഴ്ച ബാക്കിവച്ചത് സുശാന്ത് സിംഗ് രജ്പുത് എന്ന നടന്റെ വിയോഗവാർത്തയാണ്. വിജയത്തേരേറി മനസ് നിറഞ്ഞവൻ ചിരിച്ചു നിൽക്കുന്നത് കാണാനായെങ്കിലെന്ന് ഒരു വേളയെങ്കിലും അവനെ വെള്ളിത്തിരയിൽ കണ്ട ഏവരും കൊതിച്ചു പോയി, പാതിവഴിയിൽ നിലച്ചുപോയ മനോഹരമായ ഗാനം പൂർത്തിയാക്കിയിരുന്നെങ്കിലെന്ന് ആ ഗാനം കേട്ട ഏതൊരാളും കൊതിക്കുന്നത് പോലെ. കുസൃതി നിറഞ്ഞ കണ്ണുകളും നിഷ്കളങ്കമായ ചിരിയും ഇനിയുമേറെ പറയാനുണ്ടെന്ന് പറയാതെ പറയുന്ന മുഖവുമായി സുശാന്ത് സിംഗ് രജ്പുത്, ബോളിവുഡിലെ പുതുതലമുറയിലെ കഴിവുറ്റ നടൻ ഇനിയുണ്ടാവില്ലെന്ന് അവൻ വിട പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും വിശ്വസിക്കാനാവാതെ നിൽക്കുന്നവരുണ്ട്.
ബീഹാറിലെ പാട്നയിൽ കൃഷ്ണകുമാർ സിംഗിന്റെയും ഉഷ സിംഗിന്റെയും ഇളയമകനായി ജനനം. എന്നും ഒപ്പമുണ്ടാകുമെന്ന് മകന് വാക്ക് കൊടുത്ത അമ്മയെ നഷ്ടമാകുമ്പോൾ അവന് വയസ് പതിനാറ്. ജീവിതത്തിലെ സന്തോഷങ്ങൾ ഒരു നിമിഷം കൊണ്ടും അവസാനിക്കാമെന്ന് ജീവിതം അവനെ പഠിപ്പിച്ചു. പിന്നീട് ഡൽഹിയിലേക്ക് പറിച്ചുനട്ടു അവൻ തന്റെ ജീവിതം. പഠിച്ച് എൻജിനീയറായി, പിന്നെ സിവിൽ സർവീസ് നേടി ജീവിതത്തിൽ അറിയപ്പെടുക, സ്വന്തം കാലിൽ നിൽക്കുക, എല്ലാ ഇടത്തരം കുടുംബത്തെയും പോലെയായിരുന്നു അവന്റെ സ്വപ്നവും. എൻജിനീയറിംഗ് എൻട്രൻസ് ടെസ്റ്റിൽ ഏഴാംറാങ്ക് നേടി ഡൽഹി എൻജിനീയറിംഗ് കോളേജിൽ പ്രവേശനം. കലാലയ ജീവിതത്തിനിടെ നൃത്തവുമായി പ്രണയത്തിലായി. നൃത്തക്ലാസിലെ കൂട്ടുകാരെ കണ്ട് അഭിനയമെന്ന മോഹം അവനിലുമെത്തി. അതിനായി അവർക്കൊപ്പം നാടകക്ളാസിലേക്ക്. കാഴ്ചക്കാരോട് അഭിനയത്തിലൂടെ സംവദിക്കുന്നതാണ് തന്റെ സ്വാതന്ത്ര്യമെന്ന് തിരിച്ചറിഞ്ഞ സുശാന്ത് ജീവിതകാലം മുഴുവൻ അത് തുടരണമെന്ന് കൊതിച്ചു. ഡാൻസ് ഗ്രൂപ്പിൽ ഒരാളായി ഫിലിം ഫെയർ അവാർഡ് നിശകളിൽ താരങ്ങളോടൊപ്പം നൃത്തം ചവിട്ടുമ്പോൾ ഒരിക്കൽ താനുമവിടെയെത്തുമെന്ന് അതിനായി പരിശ്രമിച്ചു. നൃത്തത്തിലും നാടകാഭിനയത്തിലും സന്തോഷം കണ്ടെത്തിയ സുശാന്ത് സിനിമയ്ക്കു വേണ്ടി പഠനം അവസാനിപ്പിച്ചു. ആ തീരുമാനം തെറ്റിയിരുന്നില്ല എന്ന് കാലം തെളിയിച്ചു.
ജീവിച്ചിരുന്നെങ്കിൽ മറ്റൊരു ഷാരൂഖ് ഖാനായേനെ എന്ന് ഒരാരാധിക പറഞ്ഞ സുശാന്ത്, കിംഗ്ഖാനെ പോലെ ടെലിവിഷൻ സീരിയലുകളിലൂടെയാണ് പ്രിയങ്കരനായത്. അത് വെറുമൊരു വരവായിരുന്നില്ല, മറ്റൊരു താരത്തിനും കിട്ടാത്ത ജനപ്രിയത അദ്ദേഹം നേടിയിരുന്നു. നോക്കൂ, മരിച്ചു പോയ കഥാപാത്രത്തെ പ്രേക്ഷകർ ആവശ്യപ്പെട്ടതു കൊണ്ട് പ്രേതമായി വീണ്ടും അവതരിപ്പിക്കുക, സിനിമാപഠനത്തിനായി സീരിയൽ പാതിവഴിയിൽ ഉപേക്ഷിച്ച് പോയ താരത്തെ അവസാന എപ്പിസോഡിൽ കൊണ്ടുവരിക. മറ്റേത് താരത്തിനായി വീട്ടകങ്ങളിലിരുന്ന് ആളുകൾ ഇങ്ങനെ അപേക്ഷിച്ചിട്ടുണ്ട്? കഥാപാത്രങ്ങളായി സുശാന്ത് ജീവിക്കുകയായിരുന്നു എന്നതിന് മറ്റെന്ത് തെളിവ് വേണം? അന്തർമുഖനായതു കൊണ്ട് ഊർജസ്വലരായ കഥാപാത്രങ്ങളുടെ മറവിൽ താൻ ജീവിക്കുകയായിരുന്നുവെന്നാണ് ഒരിക്കൽ ഇതേക്കുറിച്ച് സുശാന്ത് തന്നെ പറഞ്ഞത്.
2013ൽ മൂന്ന് നായകന്മാരിൽ ഒരാളായി 'കായ്പോച്ചെ" എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് സുശാന്തിന്റെ അരങ്ങേറ്റം. കൈപിടിച്ചു കയറ്റാൻ ഗോഡ്ഫാദറില്ലാതെ വന്ന ചെറുപ്പക്കാരനെ കണ്ട നിരൂപകർ ഒന്നടങ്കം പറഞ്ഞു, സുശാന്ത്...അവനിൽ നിന്ന് കണ്ണെടുക്കാനാവില്ല. ക്യാപ്റ്റൻ കൂൾ ധോണിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനുള്ള നറുക്ക് വീണത് സുശാന്തിനായിരുന്നു. അതിനായി ഒന്നരവർഷം നീണ്ട ക്രിക്കറ്റ് പ്രാക്ടീസ്. ധോണിയെ ഇഷ്ടമില്ലാത്തവരെ പോലും ധോണി ഫാൻസ് ആക്കി മാറ്റിയ പകർന്നാട്ടം. ചിത്രം ബോക്സ് ഓഫീസ് ഹിറ്റ്! എന്നിട്ടും ഏഴു വർഷങ്ങൾ കൊണ്ട് വെറും 12 ചിത്രങ്ങൾ മാത്രമേ അഭിനയിച്ചുള്ളൂ സുശാന്ത്. ഒരു എൻജിനീയറേക്കാൾ തനിക്ക് പണവും അംഗീകാരവും ലഭിക്കുക സിനിമയിൽ നിന്നാണെന്ന് എൻജിനീയറിംഗ് പഠനം ഉപേക്ഷിക്കുമ്പോൾ സുശാന്ത് മനസിലാക്കിയിരുന്നു. പക്ഷേ, സിനിമയിലെത്തി മൂന്ന് വർഷത്തിന് ശേഷം ഐ.ഐ.ടിയിലെ വിദ്യാർത്ഥികളോട് സംവദിക്കുമ്പോൾ സുശാന്ത് പറഞ്ഞു. പണവും അംഗീകാരവുമല്ല വിജയം, അത് ഓരോ നിമിഷവും ചുറുചുറുക്കോടെ ജീവിക്കുന്നതിലാണെന്ന്!
കേരളം പ്രളയജലത്തിൽ മുങ്ങിപ്പോയപ്പോൾ ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന് പരിതപിച്ച ആരാധകന് തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരുകോടി രൂപ നൽകി കേരളത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടതിലൂടെ തന്റേതായ ശരികൾ കണ്ടെത്തിയ യഥാർത്ഥ മനുഷ്യനാണ് താനെന്ന് സുശാന്ത് അടിവരയിട്ടു. ഒരുപിടി ചിത്രങ്ങൾ കൈപ്പിടിയിൽ നിന്ന് പൊഴിഞ്ഞു പോയ വർഷമായിരുന്നു 2019. സ്വകാര്യജീവിതത്തിലും താളപ്പിഴകളുണ്ടായിരുന്നു. അതിനിടെയാണ് വിഷാദം ചങ്ങാത്തം കൂടുന്നത്. എല്ലാം തിരികെപ്പിടിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ വിശ്വസിച്ചിരിക്കെയാണ് ജീവിതത്തോട് തോറ്റെന്ന മട്ടിൽ സുശാന്ത് യാത്രയായത്. കാരണം കണ്ടെത്തിയാലും എന്തൊക്കെ മാറ്റാൻ നോക്കിയാലും തിരികെ വരാത്ത ലോകത്തേക്കാണ് സുശാന്ത് യാത്രയായിരിക്കുന്നത്.
വിമാനം പറത്താൻ, തന്റെ കലാലയത്തിൽ സായാഹ്നം ചെലവഴിക്കാൻ, പുസ്തകമെഴുതാൻ, അന്റാർട്ടിക്ക കാണാൻ, കൃഷി ചെയ്യാൻ, യൂറോപ്പ് മുഴുവൻ ട്രെയിനിൽ യാത്ര ചെയ്യാൻ അങ്ങനെയങ്ങനെ അക്കമിട്ട് 50 ആഗ്രഹങ്ങൾ ആരാധകരോട് പങ്കുവച്ചിട്ടുണ്ട് മുമ്പ് സുശാന്ത്. ഒരു താരത്തിന് നിസാരം സാധിക്കാനാവുന്നത് എന്ന് തോന്നുന്ന ഇത്തരം ഇഷ്ടങ്ങൾ മാത്രമല്ല അതിലുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിൽ ജോലി ചെയ്യാൻ, സ്ത്രീകളെ സ്വരക്ഷയ്ക്കായി പ്രാപ്തരാക്കാൻ, കുട്ടികളെ നൃത്തം പഠിപ്പിക്കാൻ, പൊട്ടിത്തെറിക്കാൻ ഒരുങ്ങുന്ന അഗ്നിപർവതത്തിന്റെ ചിത്രം പകർത്താൻ, ചെസ് ചാമ്പ്യനൊപ്പം ചെസ് കളിക്കാൻ എന്നിങ്ങനെ പലതരം സ്വപ്നങ്ങളായിരുന്നു അതിൽ. പാതിമുടങ്ങിയ എൻജിനീയറിംഗ് പഠനം തുടരുന്നതുൾപ്പെടെ പലതിനും തുടക്കം കുറിച്ചു വയ്ക്കുകയും ചെയ്തിരുന്നു.
സുഖമില്ലാതിരിക്കുന്ന അച്ഛന്റെ കൈ പിടിച്ച് കുന്നിൻപ്പുറത്തേക്ക് യാത്രപോകുമെന്ന് ഒടുവിൽ അച്ഛനോട് പറഞ്ഞ വാക്ക് ബാക്കിയാക്കി അദ്ദേഹം യാത്രയായി. വിഷാദരോഗത്തിന് അടിമപ്പെട്ട പല നാളുകളിൽ മറന്നു പോയ, എന്തുവന്നാലും പുഞ്ചിരി കൈവിടില്ലെന്ന് പണ്ട് അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ പ്രിയപ്പെട്ട അമ്മയുടെ അടുത്തേക്ക്...