pic

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലേര്‍ട്ട്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

കടലാക്രമണ സാദ്ധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബോട്ട്, വള്ളം തുടങ്ങിയവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരള തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ 15-06-2020 മുതല്‍ 19-06-2020 വരെ തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്.